“തൃശ്ശൂർ എത്താതെ രക്ഷയില്ല “.
‘ഈ നിലയിൽ തൃശ്ശൂർ എത്തുമോ?’
എൻറെ മനസ്സ് പ്രാകി. എങ്ങനെയും തൃശ്ശൂർ എത്താനുള്ള വ്യഗ്രതയിൽ കടിച്ചുപിടിച്ചു നിന്നു. ഇൗ സമയത്തിന് പതിവിൽ കൂടുതൽ ദൈർഘ്യം തോന്നി. ചാക്ക് ആരുടെയെങ്കിലും തലയിൽ വീഴുമോ ,പുറത്തേക്ക് പോകുമോ.. ബാഗും സാധനങ്ങളുമായി അച്ഛനെയും കാണുന്നില്ല. ഇതെന്ത് കഥ ? ആ 17 കാരൻ പയ്യൻ അതിൽ കവിഞ്ഞ വ്യഥയോടെ ആ നിമിഷങ്ങളെ ശപിച്ചു. ഒരുവിധം വണ്ടി തൃശ്ശൂർ എത്തുമ്പോൾ 12:.45. ഞാൻ പുറത്തേക്ക് നോക്കി കയറാൻ ആൾ കുറവ്. മുൻപത്തെ പോലെ തന്നെ ആളുകൾ എന്നെ ചവിട്ടിമെതിച്ച് ഇറങ്ങി തുടങ്ങി . പെട്ടെന്ന് തിരക്ക് ശമിച്ചപ്പോൾ കണ്ടു അച്ഛൻ ബോഗിയുടെ നടുക്ക് എത്തിയിരിക്കുന്നു .ഞാനും തിക്കിത്തിരക്കി അവിടെ എത്തി. അരി ചാക്ക് എടുക്കാൻ കഴിഞ്ഞില്ല. തൃശ്ശൂർ നിന്ന് കുറച്ച് ആളുകൾ കയറി എങ്കിലും അത്യാവശ്യം ശ്വാസം കഴിക്കാനുള്ള തിരക്കോടെ
ആ തീവണ്ടി ലക്ഷ്യത്തിലേക്ക് കൊതിച്ചു കൊണ്ടിരുന്നു. യാത്രാ ആസ്വദിക്കാൻ ഒട്ടും കഴിഞ്ഞില്ല. ഉറക്കമാണെങ്കിൽ കണ്ണുകളെ കീഴടക്കി കഴിഞ്ഞു . ഒരു വിധം പിടിച്ചുനിന്നു.ഇതൊന്നും പരിചയമില്ലാത്ത എനിക്ക് എല്ലാം കൂടി ഒരുമിച്ച് വന്നപ്പോൾ ഒരു ദുരന്തം ആയാണ് അനുഭവപ്പെട്ടത് . ഇങ്ങനെയൊന്നുമല്ല വിചാരിച്ചത് .കോഴിക്കോട് എത്തിയപ്പോൾ അച്ചന് സീറ്റ് കിട്ടി.നടക്കുന്ന വഴിയിലും Berth ലും എല്ലാം ആളുകൾ വീണുകിടക്കുന്നു എനിക്കവരോട് സഹതാപം തോന്നി. നടക്കുന്ന വഴിക്ക് ആളുകൾ അവരെ ചവിട്ടിമെതിച്ചാണ് കടന്നുപോകേണ്ടിയിരിക്കുന്നത്.കോഴിക്കോട് വെച്ച് തിരക്ക് ഒന്നൂടെ ഒഴിഞ്ഞപ്പോൾ ചാക്ക് എടുത്തു കൊണ്ടു വരാൻ അച്ഛൻ പറഞ്ഞു. ചാക്ക് ഒരു സീറ്റിന്റെ അടിയിലേക്ക് കടത്തി വച്ചു. തിരക്ക് ഒട്ടൊന്നൊഴിഞ്ഞു .സമയം 4 :15 രാവിലെ ആയി ഇനിയും രണ്ടു മണിക്കൂർ യാത്ര. ഒരു പോള കണ്ണടയ്ക്കാൻ കഴിഞ്ഞിട്ടില്ല. ഈ അവസ്ഥയിൽ നാളെ പകൽ എന്ത് ചെയ്യും.?. ആ ഭീതി എന്നെ വലച്ചു.
അഞ്ചു പേർക്കിരിക്കാവുന്ന സീറ്റിൽ തിക്കിത്തിരക്കി 7 പേർ വീതം അതേ ഒരാൾ എന്നെയും പിടിച്ചിരുത്തി . ചാക്ക് ഏത് സീറ്റിന്റെ അടിയിൽ ആണെന്ന് മറന്നും പോയി . അച്ഛന് ചായകുടിയും ബീഡി വലിയും ഭയങ്കരമായിരുന്നു. ബീഡി വലി ട്രെയിനിൽ പറ്റാത്ത ഏർപ്പാടായതുകൊണ്ട് രണ്ടു ചായ വാങ്ങിച്ചു. ഒന്നെനിക്കും . ട്രെയിനിൽ, ബസ്സിൽ അങ്ങനെ അശാന്തമായ സ്ഥലത്തൊന്നും ഇരുന്നും കിടന്നും ഉറങ്ങി ശീലിച്ചിട്ടില്ലാത്ത എനിക്ക് ഉറക്കമില്ലാതെ ഉള്ള ഈ യാത്ര തികച്ചും വിരസവും അരോചകവുമായി അനുഭവപ്പെട്ടു. മൂത്രം ഒഴിക്കാനും ബുദ്ധിമുട്ടി. ട്രെയിനിലോക്കെ ബാത്റൂം ഉണ്ടെന്നു കേട്ടിട്ടുണ്ട് .പക്ഷേ നിരനിരയായി കിടന്നുറങ്ങുന്ന ആണുങ്ങളെയും പെണ്ണുങ്ങളെയും ചവിട്ടിമെതിച്ച് മൂത്രപ്പുരയിൽ എത്താനുള്ള ബുദ്ധിമുട്ട് ഓർത്തപ്പോൾ മൂത്രം അടക്കി വയ്ക്കേണ്ടി വന്നു. ട്രെയിൻ വിട്ടതോടെ ട്രെയിനിന്റെ അകം ഭാഗം ശ്രദ്ധിച്ചു പഠിക്കലായി പിന്നെ. ചങ്ങല വലിച്ച് ട്രെയിൻ നിർത്തുന്നതൊക്കെ കേട്ടിട്ടുണ്ട്. ചങ്ങല ഒരു ബോഗിയിൽ കുറെയേറെ സ്ഥലത്ത് തൂങ്ങിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. അത് വലിക്കുമ്പോൾ ട്രെയിൻ എങ്ങനെ നിൽക്കും എന്നോർത്ത് ചുമ്മാ വേവലാതിപ്പെട്ടു. യന്ത്രങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നറിയാൻ പണ്ടേ താല്പര്യമുണ്ടായിരുന്നു. അതിൻറെ ഉപരിപഠനത്തിനാണല്ലോ ഈ യാത്ര . ബോഗിയുടെ ചലനത്തിന്റെ താളത്തിലൂടെ മനസ്സ് പായിച്ച് സമയം കടത്തിവിട്ടു. കുറച്ചൊന്ന് കണ്ണടച്ചു എന്ന് തോന്നി. പിന്നെ തുറക്കുമ്പോൾ നേരം പരപരാ വെളുത്തു . ബോഗിയിൽ എന്നിട്ടും തിരക്കിന് കുറവൊന്നുമില്ല. അച്ഛൻ പുറത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു. ഏതോ സ്റ്റേഷൻ നിർത്തിയപ്പോൾ മഞ്ഞ ബോർഡിൽ കണ്ടു.
എടക്കാട്
അറിവിന്റെ വെളിച്ചം മനസ്സിൽ തെളിയുന്നു. ആദ്യമായി ലോകം കാണുകയാണ്. ഇതുവരെ ഉള്ള ജീവിതമല്ല ഇനി കാണാനുള്ളത്.
അതിൻറെ വെറും ഒരു തുടക്കം മാത്രമാണ് ഈ യാത്ര. കുറെയെല്ലാം ഞാൻ ഊഹിച്ചെടുത്തു.എന്തുകൊണ്ട് ട്രെയിനിൽ ഇത്ര തിരക്ക്. എല്ലാ ബോഗിയിലും ഇതുപോലെതന്നെ തിരക്കായിരിക്കുമോ?.അതോ ഈ ബോഗി മാത്രമാണോ ഇങ്ങനെ, എങ്കിൽ ഈ ബോഗിക്ക് എന്ത് പ്രത്യേകത. പുറത്തെ മഞ്ഞ ബോർഡ് ‘എടക്കാട് ‘ എന്ന് തെളിഞ്ഞു നിന്നു. മെയ് ജൂൺ മാസത്തിലെ ആ സമയം പരപരാ വെളുത്തിരുന്നു. ഞാൻ ബോഗി വിട്ട് വെളിയിൽ ഇറങ്ങി . അധികം ആളുകളൊന്നുമില്ല പ്ലാറ്റ്ഫോമിൽ. എൻറെ ബോഗിയിൽ എന്നിട്ടും തിരക്ക് തന്നെ . എൻറെ ബോഗിയിൽ മാത്രം.
‘ഈ ആളുകളൊക്കെ എങ്ങോട്ട് പോകുന്നു’? എൻറെ ബോഗിയുടെയും മറ്റും ബോഗികളുടെയും വ്യത്യാസം ഞാൻ പഠിക്കാൻ ശ്രമിച്ചു.എൻറെ ബോഗിയുടെ തൊട്ടു മുമ്പിലെ ബോഗിയിലേക്ക് തല എത്തിച്ചു നോക്കിയപ്പോൾ അത്ഭുതപ്പെട്ടുപോയി. ഇഷ്ടംപോലെ ബെഡ്ഡുകൾ ആളുകൾ സുഖമായി മൂടിപ്പുതച്ച് കിടന്നുറങ്ങുന്നു. പിന്നെങ്ങനെ എൻറെ ബോഗിയിൽ മാത്രം ഇരുന്ന് സഞ്ചരിക്കാൻ പറ്റുന്നത്ര ഇരിപ്പിടങ്ങൾ…. മനസ്സിൽ എന്തോ ഒരു പ്രയാസം . എന്തോ എവിടെയോ ഒരു തകരാറു പോലെ… മറ്റേ ബോഗിയിൽ അധികം തിരക്കുമില്ല. എങ്കിൽ പിന്നെ ആ ബോഗിയിൽ കയറിയിരുന്നെങ്കിൽ സുഖമായി കിടന്നു പോരാമായിരുന്നില്ലോ?. നല്ലപോലെ ഉറക്കവും കിട്ടുമായിരുന്നു. ആരോട് പറയാൻ ആരോട് ചോദിക്കാൻ കൂടെ
ഉള്ളത് അച്ഛനാണ് എന്തെങ്കിലും തുറന്നു ചോദിക്കാനുള്ള സ്വാതന്ത്ര്യം തരുന്ന വ്യക്തി ആയിരുന്നില്ല അദ്ദേഹം. വേറൊരാളോട് ചോദിക്കാനുള്ള ധൈര്യവുമുണ്ടായിരുന്നില്ല.
ഞാൻ തിരികെ ബോഗിയിൽ കയറി: അച്ഛൻറെ കയ്യിൽ നിന്നും ടിക്കറ്റ് എന്ന് പറയുന്ന ഒരു ഇഞ്ച് നീളമുള്ള stamp കണക്കെ വലിപ്പമുള്ള ആ കാർഡ് വാങ്ങി നോക്കി . ചാർജ്ജ് 25രൂപ Second class . ഓ ഇതൊരു Second class യാത്ര ആയിരുന്നോ. ഉടനെ തന്നെ എൻറെ മനസ്സിലൂടെ മഹാത്മജി നടത്തിയിട്ടുള്ള ക്ലാസ് യാത്രകൾ കടന്നുപോയി. അദ്ദേഹം നടത്തിയത് എല്ലാം മൂന്നാം ക്ലാസ് യാത്രകൾ ആണല്ലോ. ഞാൻ നടത്തിയത് രണ്ടാം ക്ലാസ് യാതയും. അപ്പോൾ നേരത്തെ കണ്ടത് ഒന്നാം ക്ലാസ് ബോഗി ആയിരിക്കും. സമ്പന്നന്മാർ യാത്ര ചെയ്യുന്നത്. അവർക്കാണല്ലോ എല്ലാ രാജകീയ സുഖങ്ങളും. ഞങ്ങൾ രണ്ടാം ക്ലാസ്. തൂക്കിടികൾ, ഡൂക്കിലികൾ എന്നിലൂടെ ഒരു നെടുവീർപ്പ് ഉയർന്നു.
അടുത്ത സ്റ്റേഷൻ കണ്ണൂർ ആണെന്ന് പറഞ്ഞ് ചിലർ ഡോറിനടുത്തു നിൽക്കുന്നു . ചിലർ പെട്ടിയും പ്രമാണങ്ങളുമായി ഡോറിനടുത്തേക്ക് നീങ്ങുന്നു. അകത്ത് ആളെ ബഹളം. കണ്ണൂർ എന്ന് കേട്ടപ്പോൾ എൻറെ മനസ്സിലേക്കും ആ ആരവം പടർന്നു. പറയാൻ കഴിയാത്ത ഒരു ആധി മനസ്സിലേക്ക് വന്നു കയറി.ഇനി……… തുടരും