നെരുദ ലോഡ്ജ് – ഭാഗം-1

   

               

ഉപരിപഠനത്തിനുള്ള അപേക്ഷാഫോം ആണ് കയ്യിലിരിക്കുന്നത്. എന്താണ് തോന്നുന്നത്. നേരിയ ആശ്വാസം തോന്നുന്നു . തികച്ചും ബോറിങ് ആയിരുന്ന രണ്ടു വർഷ ജീവിതത്തിൽ നിന്നും, വെറുതെ കളഞ്ഞു എന്ന് തോന്നുന്ന പ്രീഡിഗ്രിയിൽ നിന്നൊരു മോചനം.ഉപരിപഠനമെങ്കിലും നന്നാക്കണം. ഇലക്ട്രോണിക്സ് ആണ് താല്പര്യം.വളരെ ചെറുപ്പത്തിൽ തന്നെ വീട്ടിൽ നിലവിലുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ ഒക്കെ അഴിച്ചുപറിച്ച് നശിപ്പിച്ച നല്ലൊരു പാരമ്പര്യം കൈമുതലായുണ്ട്. അച്ഛൻ അതെല്ലാം ഒരു ചാക്കിലാക്കി കെട്ടി വെച്ചിരിക്കുകയാണ്. മകനെ ഉപരിപഠനത്തിന് അയച്ചിട്ട് വേണം അതെല്ലാം ഇനി നന്നാക്കിയെടുക്കാൻ എന്ന് മാതാപിതാക്കൾ വിചാരിച്ചു കാണും.ബ്രോയിലർ കോഴിയെ പോലെ വളർത്തിക്കൊണ്ടുവന്ന മകനാണ് , ഉടയാതെ സൂക്ഷിക്കണം . പഠിക്കാനുള്ള കോളേജൊക്കെ അന്വേഷിച്ച് വെച്ചിട്ടുണ്ട്. പ്രീഡിഗ്രി പഠനത്തിന് അയച്ചത് പിതാവിൻറെ താൽപര്യപ്രകാരമാണ്. അതിപ്പോ ദേ,  ഇങ്ങനെയുമായി. ഇഷ്ടപ്പെടാത്ത വിഷയമായിരുന്നു. പഠനാന്തരീക്ഷവും വളരെ മോശമായിരുന്നു. മൊത്തത്തിൽ പറഞ്ഞാൽ പത്താംക്ലാസ് 84% മാർക്ക് കിട്ടി പാസായ ഞാൻ പ്രീഡിഗ്രി തലത്തിൽ ഒന്നാം വർഷം നല്ല അസ്സലായി പൊട്ടി. പിന്നെ എന്തൊക്കെയോ വലിയ മന്ത്രങ്ങളൊക്കെ ചൊല്ലി രണ്ടാംവർഷം രൂപപ്പെടുത്തി എടുത്തു. ഇനി ഐശ്വിക വിഷയത്തിൽ ഇതിൽ ഒരു കൈ നോക്കിക്കളയാം എന്ന് കരുതുന്നു.
                    ആരുമില്ല ഒന്ന് സഹായിക്കാൻ…..തോന്നിയപോലൊക്കെ അപേക്ഷ പൂരിപ്പിച്ച് വെച്ചു .എറണാകുളം ജില്ലയിലെ സ്ഥാപനങ്ങളുടെ പേരൊക്കെ എഴുതി ചേർത്തു, എങ്കിലും മെറിറ്റ് അനുസരിച്ചുള്ള ഒഴിവിൽ എവിടെ ആയാലും കുഴപ്പമില്ല എന്നുള്ള കോളത്തിൽ എവിടെ ആയാലും കുഴപ്പമില്ല എന്ന് എഴുതിച്ചേർത്തു . അതാണ് ജീവിതം മാറിമറിയാൻ ഇടയായത്. അല്ലായിരുന്നു എങ്കിൽ ജീവിതമെന്ന എൻറെ  മഹാനദി വഴിമാറി ഒഴുകുമായിരുന്നു . അപേക്ഷ അയച്ചു , കാത്തിരിപ്പ് തുടരുന്നു. കുറച്ച് ടെൻഷനുമുണ്ട്.
              ദൈവമേ…. എൻറെ ഉപരിപഠനത്തിനുള്ള അപേക്ഷ ഒരു പരീക്ഷ ആവുമോ?. ഹേയ് അങ്ങനെ വരാൻ വഴിയില്ല.ഉപരിപഠനം പൂർണ്ണമായും തീരുമാനിക്കുന്നത് എൻറെ പത്താം ക്ലാസിലെ മാർക്കിനെ ആശ്രയിച്ചാണ് . മാത്രവുമല്ല പ്രീഡിഗ്രിയുടെ 2 വർഷം തുലച്ചതിന്റെ പത്തു മാർക്ക് ഗ്രേസ് മാർക്കുമുണ്ടല്ലോ. ആ ഒരുകാര്യം കുറച്ച് ആത്മവിശ്വാസവും ധൈര്യവും തരുന്നുണ്ട്.
                ദിവസങ്ങൾ കൊഴിഞ്ഞു കൊണ്ടിരിക്കുന്നു. ഉപരിപഠനത്തിന് മറ്റെങ്ങും കൊടുത്തിട്ടുമില്ല. കൂട്ടുകാരൊക്കെ എവിടെയൊക്കെയാണ് , എന്തൊക്കെയാണ് എന്നറിയാൻ കഴിയാത്തതിലുള്ള ഒരു വിമുഖത ഉണ്ട്. പ്രീഡിഗ്രിക്ക് വെറും 62% മാർക്ക് മാത്രമാണ് കിട്ടിയതെന്ന കാര്യം നാട്ടിൽ പാട്ടായിട്ടുണ്ടോ   എന്നൊരു സന്ദേഹവുമുണ്ട്. പരമാവധി ആരുമറിയാതെ ഞാനത് സൂക്ഷിച്ചിട്ടുണ്ട്. എങ്കിലും…..
             Interview എന്ന കടമ്പക്കുള്ള card കയ്യിൽ കിട്ടിയപ്പോൾ നടുങ്ങിപ്പോയി. അന്ന് വരെ എറണാകുളം ജില്ല വിട്ട് പുറത്തു പോയിട്ടില്ല. ആ ഞാനെങ്ങനെ കണ്ണൂർ മഹാ നഗരിയിൽ മൂന്ന് വർഷം കഴിഞ്ഞു കൂടും. ആദ്യത്തെ അമ്പരപ്പ് മാറി. ഇപ്പോൾ കുറച്ചാശ്വാസമാണ്. കാരണം ഇത്രയേയുള്ളൂ. വീടെന്ന നരകത്തിൽ നിന്ന് കുറച്ച് കാലത്തേക്കെങ്കിലും  ഒരാശ്വാസമാകുമല്ലോ.
നേരത്തെ പറഞ്ഞ പോലെ ഒരു ബ്രോയിലർ കോഴിയെ പോലെ വളരേണ്ടി വരുന്ന ഓരോരുത്തർക്കും ഞാൻ പറഞ്ഞ നരകമെന്ന പ്രയോഗം വളരെ കൃത്യമായി മനസ്സിലാകുമെന്ന് കരുതുന്നു.അതിൻറെ കൂടെ തൊട്ടതിനും പിടിച്ചതിനുമൊക്കെ വഴക്കു കൂടുന്ന മാതാപിതാക്കന്മാർ കൂടി ആണെങ്കിലോ? . ഇതിനിടയ്ക്ക് വളർന്നുവരുന്ന എൻറെ മാനസികാവസ്ഥ ആർക്കും മനസ്സിലായില്ല. കണ്ണൂർ എങ്കി കണ്ണൂർ. വർഷത്തിൽ മൂന്നു തവണ മാത്രം ഈ നരകത്തിൽ വന്നാൽ മതിയല്ലോ. എങ്ങനെയെങ്കിലും പിടിച്ചു നിൽക്കാൻ നോക്കാം . വരുന്നതു പോലെ വരട്ടെ. അങ്ങനെ ആ ദിവസം സമാഗതമായി. എറണാകുളമെന്ന  മഹാനഗരത്തിൽ നിന്നും കണ്ണൂർ എന്ന കൊച്ചു ടൗണിലേക്ക് ഞാൻ പറിച്ചു നടപ്പെടുകയാണ്…..
     കണ്ണൂർ എന്ന് കേട്ട അച്ഛൻറെ മുഖം വിവർണ്ണമായി .” കണ്ണൂരാണെങ്കിൽ പോകണ്ട ” അച്ഛൻ കൽപ്പിച്ചു.
“എന്താ കാരണം” അമ്മ ഇടപെട്ടു.
‘അവൻറെ താല്പര്യം അതാണെങ്കിൽ പോയി പഠിച്ചിട്ടു വരട്ടെ’ അമ്മ..
” പഠിപ്പിക്കാൻ നിൻറെ അപ്പൻ തരുമോടി കാശ് “
”  ആ തരും ” അമ്മ…
പിന്നെ അതിൻറെ പേരിൽ തുടങ്ങി രണ്ടുപേരുംകൂടി വഴക്ക്.ഇത് കേട്ട് ശീലമായ എനിക്ക് ഉപരിപഠനത്തിനുള്ള എൻറെ പ്രതീക്ഷകൾ മങ്ങുന്നതായി തോന്നി.ലോകത്തെ കുറിച്ച് ഒന്നുമറിയാതെ ഇരുന്ന എനിക്ക് കണ്ണൂർ എവിടെ ആണെന്നോ, എത്ര  ദൂരമുണ്ടെന്നോ, പഠിക്കാൻ മാസം എന്തു ചിലവ് വരുമെന്നോ ഒരു രൂപവുമില്ലായിരുന്നു.അഷ്ടിക്ക് തന്നെ കഷ്ടത അനുഭവിക്കുന്ന എൻറെ കുടുംബത്തിന് എന്നെ ദൂരെ വിട്ടു പഠിപ്പിക്കാനുള്ള ത്രാണി ഉണ്ടായിരുന്നില്ല. ചെറിയ ഒരു കമ്പനി ജീവനക്കാരനായിരുന്ന അച്ഛൻറെ 1200 രൂപ ശമ്പളം  കൊണ്ട് വേണം മക്കൾ മൂന്ന് പേരടക്കം ഉള്ള ആ കുടുംബം കഴിയേണ്ടത്. പിന്നെ ആകെ ഉള്ളത് കുറച്ചു നെല്ലാണ്. അത്  മാത്രം മതിയോ? മറ്റു ചിലവുകൾ !.
     സാമിന്റെ ഉപരിപഠനത്തിനുള്ള വഴി  അവിടെ അടയുമെന്ന് മനസ്സിലാക്കിയ അമ്മ ഒരു വഴി കണ്ടെത്താൻ അമ്മയുടെ അച്ഛനെ സമീപിച്ചു. അമ്മവീട് ഇടപ്പള്ളിയിലും അച്ഛൻറെ വീട് കലൂരുമാണ്. കമ്പനി ജോലി കാരണം ഞങ്ങൾ എറണാകുളം വിട്ട് കുറ്റിയും പറിച്ച് കറുകുറ്റി എന്ന പട്ടിക്കാട്ടിൽ തമ്പടിച്ചിരിക്കുകയാണ്.
                 ” സാമിന്റെ പഠിത്തം മുടങ്ങണ്ട. അവന് എത്രയാണ് മാസം വേണ്ടതെന്ന് അയച്ചു കൊടുക്കാം”
അമ്മയുടെ അച്ഛൻ ഉറപ്പ് കൊടുത്തു. വഴി ചിലവിനായി 1000  രൂപ കൊടുത്ത് അമ്മയെ അച്ഛൻ യാത്രയാക്കി.100 രൂപയുടെ പച്ചനോട്ടുകൾ കണ്ടപ്പോൾ അച്ഛൻറെ കണ്ണുകൾ തിളങ്ങി. ഒടുവിൽ യാത്ര തീരുമാനിച്ചു.
               എന്തൊക്കെ തയ്യാറെടുപ്പുകൾ ആണെന്നറിയേണ്ടേ? അച്ഛൻറെ വക ഒരു ചാക്കിൽ നല്ല കുത്തരി, ഒരു മാസത്തേക്ക് ഉണ്ട്. വീട്ടിൽ നെല്ല് കൃഷിചെയ്യാൻ പാടമുണ്ട്. അരി മാത്രം പുറത്തുനിന്ന് വാങ്ങേണ്ട. അമ്മയുടെ വക വിവിധതരത്തിലുള്ള അച്ചാറുകൾ, അവലോസ് പൊടി,
എൻറെ ഡ്രസ്സ് രണ്ട് ജോഡി എടുത്തൊരു ബാഗിൽ വെച്ചു. കളർ ഡ്രസ്സ് അധികം കൊണ്ടുപോയിട്ട് കാര്യമില്ല. കോളേജിൽ യൂണിഫോമാണ്. ആകാശ നീല കളർ ഷർട്ട്, നേവി നീല നിറത്തിൽ പാന്റ്‌.ലോകത്തെ കുറിച്ച് ഒന്നുമറിയാത്ത ഈ ബ്രോയിലർ പയ്യൻ ആദ്യമായി വീട് വിട്ട് നിൽക്കുകയാണ്. എങ്കിലും ഭയമൊന്നും തോന്നിയില്ല. കുറച്ചു ധൈര്യമാണ് തോന്നിയത്. ഇവിടെ നിന്ന് മാറി വേറെ  ഉള്ളത് കുറച്ചുകൂടി മെച്ചപ്പെട്ട സ്വസ്ഥത നിറഞ്ഞ അന്തരീക്ഷമാണെങ്കിലോ എന്ന പ്രതീക്ഷ നൽകിയ ധൈര്യം.
എങ്ങനെയാണ് യാത്രയെന്നോ, എന്തൊക്കെ ആണ്  തീരുമാനങ്ങൾ എന്നോ ഒന്നും എനിക്കറിയണ്ട. എല്ലാം അച്ഛൻ തീരുമാനിക്കുന്നു .മക്കൾ കേൾക്കുന്നു. കാരണം ഭീകരനായിരുന്നു ആ മനുഷ്യൻ. ചിലപ്പോൾ നിസ്സാരകാര്യത്തിന് എന്റെ ഈ യാത്ര പോലും മുടങ്ങി പോയേക്കാം. ഏറെ അനുഭവങ്ങൾ ഉണ്ട് ആ കാര്യത്തിൽ……സാന്ദർഭികമായി ഒരു അനുഭവം പറയാം.

                  കോൺവെൻറ് സ്കൂളിലാണ് ചെറു ക്ലാസ്സിൽ പഠിച്ചിരുന്നത്. നാലാംക്ലാസ് വരെ.നല്ലപോലെ പാടുകയും  ചെയ്യുമായിരുന്നു .ആ ഒറ്റ ലേബലിൽ കോൺവെന്റിലെ കന്യാസ്ത്രീകൾ എന്നെ കേരളം മുഴുവൻ കൊണ്ടു നടന്നു. പല മത്സരങ്ങളിലും പാടിച്ചു. സമ്മാനം മുഴുവൻ നേടിയെടുത്തു. അങ്ങനെയാ സ്കൂളിൻറെ പേരും പ്രശസ്തിയും ഉയർന്നു. വെളിച്ചപ്പാടിനെ എല്ലാവരും അറിയുന്നതുപോലെ സ്കൂളിലും നാട്ടിലും ഒരു പാട്ടുകാരൻ എന്ന നിലയിൽ എന്നെ അറിഞ്ഞു.അങ്ങനെയിരിക്കെ ചങ്ങമ്പുഴയുടെ വാഴക്കുല എന്ന കവിത സമാഹാരം ഒരു മത്സരത്തിന് പാടാൻ കന്യാസ്ത്രീകൾ എന്നെ പഠിപ്പിച്ചു. നീണ്ട ഒരു മാസത്തെ പരിശീലനം . എല്ലാവർക്കും  പ്രതീക്ഷ ആയിരുന്നു. ശ്യാംജി സമ്മാനം കൊണ്ടേവരൂ എന്നവർ നേരത്തെ ഉറപ്പിച്ചു. മത്സര ദിവസം എനിക്ക് രാവിലെ സ്കൂളിൽ എത്തേണ്ടിയിരുന്നു , എന്നാൽ സമയം കഴിഞ്ഞിട്ടും എന്നെ കാണാനില്ല. ഞാൻ ആ സമയം വീട്ടിൽ കരഞ്ഞു പിടിച്ച് ഇരിക്കുകയായിരുന്നു. അന്ന് രാവിലെ വീട്ടിൽ ഒരുഗ്രൻ വഴക്ക് നടന്നു.പതിവുപോലെ തന്നെ, അച്ഛനും അമ്മയും . ഞങ്ങൾ കുട്ടികൾ പേടിച്ചുവിറച്ച് കട്ടിലിന്റെ കീഴിൽ ഒളിച്ചു . കുറച്ചുകഴിഞ്ഞ്  
‘ ടപ്പേ ‘ എന്നൊരു ശബ്ദം കേട്ടു . വേറൊന്നുമല്ല , ഉച്ചയ്ക്ക് കഴിക്കേണ്ട ചോറിന്റെ കലം മുറ്റത്തെ തെങ്ങിൻ ചോട്ടിലേക്ക്  അച്ഛ്നെന്ന വ്യാഘ്രം എടുത്തെറിഞ്ഞ ശബ്ദമാണ് കേട്ടത്. സമയമായിട്ടും എന്നെ കാണാതായപ്പോൾ കന്യാസ്ത്രീകൾ എന്നെ അന്വേഷിച്ച് വീട്ടിലെത്തി. സ്കൂളിന്റെ തൊട്ടടുത്താണ് വീട്. കലിതുള്ളി നിൽക്കുകയായിരുന്ന അച്ഛൻ ഒരു വ്യാഘ്രത്തെ പോലെ
” എന്താ”      വ്യാഘ്രം
” ശ്യാംജിയെ അന്വേഷിച്ച് ഇറങ്ങിയതാണ് ” കന്യാസ്ത്രീകൾ.
” ഉം , എന്തിനാണ് ? ” വ്യാഘ്രം
കന്യാസ്ത്രീകൾ പരുങ്ങി.
” അല്ലാ ഒന്നും പറഞ്ഞിട്ടില്ലേ, ഇന്ന് സ്റ്റേറ്റ് മത്സരത്തിന് ശ്യാംജി പാടാൻ പോകേണ്ട ദിവസമാണ് ” കന്യാസ്ത്രീകൾ .
” സ്റ്റേറ്റോ, മത്സരമോ ? “വ്യാഘ്രം
കന്യാസ്ത്രീകൾ മുഖത്തോടു മുഖം നോക്കി.
” ഇവിടെ ആരെയും അയക്കുന്നില്ല  നിങ്ങൾ പോകണം. “വ്യാഘ്രം
” ശ്യാംജിയുടെ അമ്മയെ കാണാൻ ഒക്കുമോ ” കന്യാസ്ത്രീകൾ .
” ഇല്ല ” വ്യാഘ്രം
അവർ നിരാശയോടെ നടന്നു നീങ്ങി. മത്സരത്തിന് പോകേണ്ട കുട്ടികളെയും കൊണ്ടുള്ള സ്കൂൾ ബസ് അകലെ മറയുന്നത് നിർന്നിമേഷനായി ഞാൻ നോക്കി നിന്നു . സ്കൂൾ വിദ്യാഭ്യാസത്തിന്റെ വിലയോ, മത്സരത്തിന് സ്റ്റേറ്റ്
Level ൽ പോയുള്ള ഗുണങ്ങളോ രണ്ടാം ക്ലാസ് പഠിച്ച് അവസാനിപ്പിച്ച മനുഷ്യനുണ്ടോ മനസ്സിലാവുന്നു.                      ഒടുവിൽ ആ യാത്രക്കുള്ള ദിവസം തീരുമാനിച്ചു. ദിവസവും കണ്ണൂർക്ക് തീവണ്ടി ഉണ്ട്. രാത്രി 1 മണിക്ക് പുറപ്പെട്ട് കാലത്തു 6 മണിക്ക് കണ്ണൂർ എത്തും . ഞങ്ങൾ സ്റ്റേഷനിൽ എത്തി ,  അഛൻ രണ്ട് ടിക്കറ്റെടുത്തു.അരി ഞാൻ തല ചുമടായി എടുത്തിട്ടുണ്ട്. ബാഗ് അച്ഛനും പിടിച്ചു. ട്രെയിനിലെ ക്ലാസ്സുകൾ ഏതൊക്കെയാണെന്നോ, എവിടെ കയറണമെന്നോ രൂപമില്ല. അച്ഛനും വലിയ പിടിയില്ല. പോർട്ടറോട് ചോദിച്ചു പ്ലാറ്റ്ഫോമിന്റെ ഏറ്റവും പുറകിൽ ഓരത്ത് നിൽപ്പായി .സമയം ഇഴഞ്ഞ് നീങ്ങി. ജീവിതത്തിൽ ആദ്യമായി ട്രയിനിൽ സഞ്ചരിക്കാൻ പോകുന്ന ത്രിൽ…

തുടരുന്നു…

Leave a Reply

Your email address will not be published. Required fields are marked *