നെരുദ ലോഡ്ജ് – ഭാഗം – 9


     Poly യിൽ ക്ലാസ് നടക്കുന്ന ദിവസങ്ങൾ തുലോം കുറവായിരുന്നു. നാട്ടിൽ എന്ത്  പ്രശ്നങ്ങൾ നടന്നാലും അത് ബാധിച്ചിരുന്നത് ഞങ്ങളുടെ പഠിപ്പിനെ ആയിരുന്നു. ഏറിയ കൂറും കുട്ടികൾക്ക് ക്ലാസ്സ് ഇല്ലാതെ ഇരിക്കൽ ആണ് സന്തോഷമെന്ന് തോന്നുന്നു. സ്വന്തം താൽപര്യങ്ങൾക്കനുസരിച്ച് നടക്കാമല്ലോ. സിനിമയ്ക്ക് പോകാം, കറങ്ങി നടക്കാം, അങ്ങനെ തന്നിഷ്ടങ്ങൾ പലതും സാധിച്ചെടുക്കാം, പഠിക്കാൻ പോകുകയാണെന്ന പേരും ആയി. എങ്കിലും ഓരോ ക്ലാസ്സ് നഷ്ടപ്പെടുമ്പോഴും സ്വന്തം  ജീവിതത്തെയും ഭാവിയെയും ബാധിക്കുമെന്ന് ആശങ്കപ്പെട്ടിരുന്ന ഏതാനും പേരും ആ കൂട്ടത്തിൽ
ഉണ്ടായിരുന്നു. അതിലേറ്റവും ദുരിതം അനുഭവിച്ചിരുന്ന കൂട്ടർ ആണ് 40 ഉം 50 ഉം കിലോമീറ്റർ ദൂരം സഞ്ചരിച്ച് കോളേജിൽ എത്തിയിരുന്ന കൂട്ടുകാരുടെ കാര്യം. രാവിലെ വളരെ ദൂരെ നിന്ന് 7 മണിക്ക് പുറപ്പെട്ട്‌ ഈ കണ്ട ദൂരം മുഴുവൻ സഞ്ചരിച്ച് കോളേജിൽ എത്തി കഴിയുമ്പോൾ മാത്രമാണെന്നും ക്ലാസില്ലെന്നും സമരമാണെന്നുമൊക്കെയുള്ള വിവരം അറിയുന്നത്. വീണ്ടും തിരികെ സഞ്ചരിക്കണം. ഈ കണ്ട ദൂരം മുഴുവൻ ഇടിയം കുത്തും കൊണ്ട് തൂങ്ങി ആടി കൊണ്ടുള്ള ആ യാത്ര അത്ര സുഖകരമാണെന്ന് ധരിക്കരുത്:
    ക്ലാസ് പൂർണ്ണമായും ആരംഭിച്ചതോടെ ലോഡ്ജിലെ Seniers ഉൾപ്പെടെയുള്ള കുട്ടികൾ വന്നു നിറഞ്ഞു. ആ 12 മുറികളുള്ള ലോഡ്ജിൽ എല്ലാവർക്കും എന്നോട് വലിയ കാര്യമായിരുന്നു. ആ കൂട്ടുകെട്ടിനെയും അവർ നൽകിയിരുന്ന സ്നേഹവാത്സല്യങ്ങളെയും പറ്റി പറയാൻ എനിക്ക് ആയിരം നാവ് പോരാതെ വന്നെങ്കിലേ ഉള്ളൂ. ഏകദേശം 35 പേരടങ്ങുന്ന ഒരു കൊച്ചു ലോകം ആയിരുന്നു നെതുദ്ദ ലോഡ്ജ്‌. അവിടുത്തെ ഒരു കൊച്ചുരാജകുമാരൻ ആയി ഞാൻ എന്നെ തന്നെ വാഴ്ത്തി.അന്യനാട്ടിൽ നിന്ന് വന്ന് കിടന്ന് കഷ്ടപ്പെടുന്ന എന്നോട് ആ നാട്ടുകാരായ റൂം മേറ്റ്സ് പ്രത്യേക കരുണയും വാത്സല്യവും കരുതി. ശനിയും ഞായറും അവർ വീട്ടിൽ പോകുമ്പോൾ വെറുമൊരു Lodge കാവൽക്കാരനായി ഞാൻ മാറുമായിരുന്നു. തികച്ചും ഏകമായ ആ അവസ്ഥകളിൽ സെക്കൻഡുകൾ തള്ളിനീക്കാൻ കഴിയാതെ ഞാൻ ബുദ്ധിമുട്ടി: ആ വിരസത മനസ്സിലാക്കി എടുക്കാൻ എൻറെ കൂട്ടുകാർക്ക് തീർത്തും ബുദ്ധിമുട്ടേണ്ടി വന്നില്ല. അതിന് ഒരു പരിഹാരമെന്ന നിലയിൽ  ഓരോ ശനിയും ഞായറും ഓരോ കൂട്ടുകാർ എന്നെ അവരുടെ വീടുകളിൽ കൊണ്ടുപോവുക പതിവായി. കണ്ണൂരിന്റെ ഉൾനാടൻ ഗ്രാമങ്ങളും, കുടിയേറ്റ മേഘലകളും, മലയടിവാരങ്ങളുമൊക്കെ എനിക്ക് ചിരപരിചിതങ്ങളായ സ്ഥലങ്ങളായി മാറി. ഒന്നാം നമ്പർ മുറിയിൽ ആ കാലത്ത് ഷാജിയും പ്രേമാനന്ദനുമായിരുന്നു. രണ്ടാം നമ്പർ മുറിയിൽ ജോസ് പോളും സോജനും സാജുദിനും . അവർ എറണാകുളം കാർ ഒരു കെട്ടായിരുന്നു. നാലിലാണ് എബിയും നാരായണനും രാജീവനും പാർത്തിരുന്നത്. അഞ്ചിൽ സുൾഫിക്കറും, പ്രകാശനും, ജോർജും, വിനോദനും, സന്തോഷും; ആറാം നമ്പറിൽ ഷെറീഫ്, പ്രേംലാൽ, ജോജി, റഹീം, ആന്റോ എന്നിവർ. ഞാൻ ആ സമയത്ത് റൂം നമ്പർ ഏഴിൽ ബാബുവിനോടൊപ്പം കഴിഞ്ഞു. ഷിജുവും രാജനും റൂം നമ്പർ എട്ടിലായിരുന്നൂ. ഒമ്പതിൽ ആണ് സുനിലും, ജയചന്ദ്രനും. പത്താം നമ്പറിൽ രാധാകൃഷ്ണനും, മനുവും, രാജു ജേക്കബും. പതിനൊന്നിൽ സെബാസ്റ്റ്യൻ മാത്രം. പന്ത്രണ്ടിൽ കഴിഞ്ഞിരുന്നത് ചെമ്പേരിയിലെ തോമസ്, രാജീവൻ എന്നിവർ ആണ്. ഓര
മുറിയും ഓരോ കുടുംബമായിരുന്നു. എന്തു രസമാണ്. എനിക്ക് പ്രത്യേകം ഒരു മുറിയുമില്ല. എല്ലാ മുറിയും എനിക്ക് സർവ്വാത്മനാ സ്വതന്ത്രം. തോമസ്, എബി  , നാരായണൻ, സുൾഫിക്കർ, രാധാകൃഷ്ണൻ, ജയചന്ദ്രൻ, മനു, ജോർജ്, റഹീം എന്നിവർക്ക് എന്നെ ജീവൻറെ ജീവനാണ്. തിങ്കളാഴ്ചകളിൽ വീടുകളിൽ നിന്ന് തിരിച്ചെത്തുന്ന മുറയ്ക്ക് അടുത്ത ഒരാഴ്ചത്തേക്ക് കൊണ്ടുവരുന്ന ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള വിഭവങ്ങളിൽ ഒരു പങ്ക് പ്രത്യേകം എനിക്കുള്ളതാണ്. ജീവിതത്തിൽ ആദ്യമായി ഇടിച്ചമ്മന്തിയുടെ രുചി ഞാനറിയുന്നത് അന്നാണ്.കോട്ടയത്തു നിന്നും മലബാറിലേക്ക് കുടിയേറുമ്പോൾ കോട്ടയത്ത് കാരുടെ പ്രിയ വിഭവമായ ഇടിച്ചമ്മന്തി മലബാറിലേക്കും അവർ കൊണ്ടുവന്നു.അവർ ഉള്ളതു കാരണം ഈയുള്ളവൻ അറിഞ്ഞതും അനുഭവിച്ചതുമായ മഹാഭാഗ്യങ്ങൾക്ക്  കൈയും കണക്കുമില്ല. കുടിയേറ്റ ഗ്രാമങ്ങളായ ചെമ്പേരി, പയ്യാവൂർ, ആലക്കോട്, ഇരിട്ടി, തുടങ്ങിയ പ്രദേശങ്ങളിലേക്കൊക്കെ ഉള്ള യാത്രകൾ അവിസ്മരണീയങ്ങളും മനസ്സിന് കുളിരേകുന്നതുമാണ്. അവരുടെ കുടുംബങ്ങളും അന്യ നാട്ടിൽ നിന്ന് ഒറ്റയ്ക്ക് വന്നു കിടക്കുന്ന എന്നെ ഒരു അംഗമായി കരുതി പരിപാലിച്ചു സ്നേഹിച്ച് പോന്നു.

തുടരും

Leave a Reply

Your email address will not be published. Required fields are marked *