നെരുദ ലോഡ്ജ് – ഭാഗം – 3

             സമയം 6 : 20 Am. നേരം വെളുത്ത് കഴിഞ്ഞു ഞങ്ങളുടെ കയ്യിലുള്ള ലഗേജുകൾ തൂക്കിയെടുത്തു തലയിലും ആയി ഞാനും അച്ഛനും നിൽപോട് നിൽപ്പായി. ഇപ്പോൾ എത്തുമെന്ന് പറഞ്ഞിട്ട് ആ നിൽപ്പ് അങ്ങോട്ട് നിന്നു. ജീവിതയാത്ര ആ പ്ലാറ്റ്ഫോമിൽ നിന്നു തുടങ്ങുന്നു ഇനി അങ്ങോട്ട് ഞാൻ ഒറ്റയ്ക്ക് ആയിരിക്കും എന്തൊക്കെയാണ് സംഭവിക്കാൻ പോകുന്നത്.ജീവിതം എങ്ങനെയായിരിക്കും. പലവിധ വിചാരങ്ങൾ  മിന്നിമറയുന്ന മനസ്സുമായി പുറകിലേക്ക് മറയുന്ന കാഴ്ചകളുമായി ഞാൻ നിന്നു. ഒട്ടനവധി റെയിൽവേ ഗേറ്റുകൾ ഉള്ള  ആ ഒറ്റവരി പാതയിലൂടെ തിരുവനന്തപുരം – മംഗലാപുരം, മലബാർ എക്സ്പ്രസ് കണ്ണൂർ എന്ന മലയോര ഗ്രാമത്തിന്റെ അടിവാരത്തേക്ക് കിതപ്പോടെ നിന്നു. കയറാനും ഇറങ്ങാനും
നിരവധി പേര്. പ്ലാറ്റ്ഫോം നിറയെ ആളുകൾ . അവർക്കിടയിലൂടെ ഞാനും അച്ഛനും അപരിചിതമായ ആ നഗരത്തിലേക്കിറങ്ങി. മുൻവശത്തു കൂടെ പുറത്തേക്കിറങ്ങി ടിക്കറ്റ് Examiner ഞങ്ങളുടെ ടിക്കറ്റ് വാങ്ങി പരിശോധിച്ചു ബോധിച്ചു. ഒഴുകുന്ന  ജനത്തിന് നടുവിലൂടെ രണ്ടു പൊങ്ങ് തടിപോലെ ഞാനും അച്ഛനും പുറത്തേക്ക് നടന്നു. എങ്ങോട്ട് പോകണം, എന്തു ചെയ്യണം എനിക്കൊരു രൂപവുമുണ്ടായിരുന്നില്ല. സ്ഥിരമായുള്ള പല്ലുതേപ്പും മറ്റു പ്രാഥമിക ആവശ്യങ്ങളും തീവണ്ടിക്കകത്തു തന്നെ വെച്ച് സാധിച്ചിരുന്നു.
അതുകൊണ്ട് അത്തരം മുട്ടുകളൊന്നും ഉണ്ടായില്ല. റെയിൽവേ സ്റ്റേഷന്റെ മുമ്പിൽ  തന്നെ ഉള്ള റോഡ് കടന്ന് ഒരു ഇട റോഡിലേക്ക്‌ കയറി.
  “എന്തെങ്കിലും കഴിക്കാം”
ഇതു പറഞ്ഞു ഒരു ഹോട്ടലിലേക്ക് കയറി. ഇഡ്ഡലിയും ചമ്മന്തിയും കഴിച്ചെന്ന് വരുത്തി. പണം കൊടുക്കുന്ന നേരത്ത് കൗണ്ടറിൽ ഇരുന്ന അയാളോട് എറണാകുളം ഭാഷയിൽ ഞങ്ങൾ പോളിടെക്നിക്കിൽ മകനെ ചേർക്കാൻ വന്നതാണെന്നും അങ്ങോട്ടുള്ള  വഴി എങ്ങനെ ആണെന്നും ചോദിച്ചു. അയാളുടെ മുഖം കൗതുകം നിറഞ്ഞു. വളരെ സഹൃദയ ഭാവത്തിൽ പോളിടെക്നിക് കോളേജിലേക്ക് പോകുവാനുള്ള മാർഗ്ഗം അയാൾ അച്ഛന് പറഞ്ഞുകൊടുത്തു. കണ്ണൂര് രണ്ടുതരം ബസ്റ്റാൻഡ് ഉണ്ട് പോലും. ഒരെണ്ണം City service നമ്പർ ബസ്സുകളാണ് ഒാടുന്നത്. ടൗണിൽ നിന്ന് പരമാവധി 10 കിലോമീറ്റർ ദൂരമേ സഞ്ചരിക്കൂ. മറ്റൊന്ന് കണ്ണൂർ നിന്നും മറ്റു ദൂര സ്ഥലങ്ങളിലേക്കുള്ള ബസ്സുകൾക്കുള്ള സ്റ്റാൻഡ്. കോളേജ് തോട്ടട എന്ന് പറയുന്ന ഒരു സ്ഥലത്താണ്. അത് കണ്ണൂരിൽ നിന്നും തലശ്ശേരിയിലേക്ക് പോകുന്ന റൂട്ടിൽ ആണ്. കണ്ണൂർ നിന്നും 5 കിലോമീറ്റർ ദൂരം. 5, 7 എന്നെ നമ്പർ ബസുകളിൽ കയറിയാൽ തോട്ടട കോളേജിന്റെ
മുമ്പിൽ ഇറക്കും .അതുമല്ലെങ്കിൽ മറ്റേ സ്റ്റാൻഡിൽ നിന്നും തലശ്ശേരി ബസ്സിൽ കയറിയാൽ കോളേജിന് മുമ്പിൽ ഇറങ്ങാം. ഇത്രയും അയാൾ വിനയപുരസ്സരം പറഞ്ഞ് അവസാനിപ്പിച്ച് നമ്പർ ബസ്സുകൾ കിട്ടുന്ന ബസ്റ്റാൻഡ് കാണിച്ചുതരുവാൻ പുറത്തേക്കിറങ്ങി. അപ്പോഴേക്കും വഴിയിൽ ജനങ്ങൾ തിക്കി തിരക്കി തുടങ്ങി. നമ്പർ ബസ്സുകളും ആ വഴിയിൽ കണ്ടു. ഹോട്ടലുകാരൻ നന്ദി പറഞ്ഞു കഴിച്ചതിന് പണവും കൊടുത്തു ഭാണ്ഡങ്ങളുമായി ഞങ്ങൾ നടക്കാൻ തുടങ്ങി.മാർക്കറ്റിൽ കൂടി നടന്നപ്പോൾ കച്ചവടക്കാരും അവരുടെ വിൽപ്പന ആരംഭിച്ചു കഴിഞ്ഞിരുന്നു. പ്രഭാതത്തിലെ ഇതിൽ കണ്ണൂർ നഗരത്തിലൂടെ ഉള്ള ആ സവാരി കുറച്ച് കടുപ്പമായിരുന്നു. ഭാരം ചുമന്നുള്ള യാത്ര എങ്കിലും വശങ്ങളിലെ കാഴ്ചകൾ  നയനാനന്ദ കരമായിരുന്നു.പ്രഭാത പ്രഭാത് തിയറ്റർ കടന്നപ്പോൾ സൈനിക ക്യാംപ് ആയി. അവിടെയുള്ള  മൂളിമരങ്ങൾ ആ പ്രദേശത്തെ കൂടുതൽ സൗന്ദര്യവതിയാക്കി. ആ വരട്ടെ ഇനി മൂന്നുകൊല്ലം ഈ നാട്ടിൽ തന്നെ ഉണ്ടല്ലോ. എല്ലാം വിശദമായി കാണാം. ദൂരെ നിന്ന് കണ്ടു 7-ാം  നമ്പർ ബസ്  അതിൽ തോട്ടട എന്നെഴുതിയിരിക്കുന്നു. ഞാനും അച്ഛനും ഒരാളോട്  സംശയനിവൃത്തി വരുത്തി  അടുത്ത യാത്രയ്ക്കായി കാലിയായ സീറ്റുകളിലിരുന്നു.
                 ഏഴരയോടെ ബസ്സ് പുറപ്പെട്ടു. ഒരാൾക്ക് 70 പൈസ ടിക്കറ്റെടുത്ത് ഞങ്ങൾ പുറത്തെ കാഴ്ചകൾ കണ്ടിരുന്നു. ബസ് സ്റ്റാൻഡിൽ നിന്നും തിരക്കുകളിലൂടെ ബസ് നീങ്ങി. അധികം ആളുകളൊന്നുമില്ല. അധികം സീറ്റുകളും കാലിയായി കിടക്കുന്നു. ജീവിതത്തിന്റെ പല ദിക്കുകളിലേക്കും യാത്ര ചെയ്യുന്ന മനുഷ്യരെ നോക്കി ഞാനിരുന്നു. ബസ് കണ്ണൂർ ടൗൺ കടക്കുമ്പോൾ ട്രാൻസ്പോർട്ട് ബസ്റ്റാൻഡും, സ്റ്റേഡിയവും കണ്ണിൽ പെട്ടു. സ്റ്റോപ്പുകളിൽ  ആളുകൾ  ഇറങ്ങാനും കയറാനും നന്നേ കുറവ്. ബസ്സിൽ ആളുകളുടെ സംസാര രീതികളും  കിളി ചിലക്കുന്നതും എന്നിൽ അത്ഭുതമുളവാക്കി. 217 കി.മീറ്റർ  ദൂര വ്യത്യാസത്തിൽ എനിക്കനുഭവപ്പെട്ടതെല്ലാം  രസകരവും,  അത്ഭുതാവഹങ്ങളുമായിരുന്നു.     സ്നേഹത്തോടെയും,  സൗഹാർദ്ദപരമായുമുള്ള ആ കിളി കണ്ണൂരിൻറെ ഒരു  പ്രതിനിധി ആയിരിക്കാമെന്നെനിക്ക് തോന്നി.എറണാകുളത്തുള്ളവരും ഇതുപോലെ ആയിരുന്നെങ്കിൽ എന്ന് ഞാൻ വൃഥാ മോഹിച്ചു . ഓരോ മനുഷ്യരോടും അലിവോടെ സംസാരിക്കാനുള്ള ഉള്ള അയാളുടെ കഴിവ് എന്നിൽ സ്പർശിച്ചു.  നല്ല ഒരു ജനത. വേഗംകൂടിയ മനസ്സുള്ളവരുടെ ഇടയിൽ ജനിച്ച് വളർന്നത് കൊണ്ടായിരിക്കും അലിവാർന്ന ഒരു മനസ്സിന് ഉടമ ആവാൻ കഴിയാതിരുന്നത്. എനിക്കും അതുപോലെ ആകണം. ഞാൻ ആ കിളികളെ സശ്രദ്ധം വീക്ഷിച്ചു  അവരുടെ   രീതികൾ ഹൃദ്യസ്ഥമാക്കാൻ തുടങ്ങി . ബസ്സ് എവിടെയോ നിർത്തിയിട്ടിട്ട്‌ പത്ത് മിനിറ്റിൽ അധികമായി.ഇതെന്താ വരിവരിയായി വാഹനങ്ങൾ കിടക്കുന്നത്. മനുഷ്യർക്ക് ഇതുപോലെ വരിവരിയായൊക്കെ കിടക്കാനറിയാമോ?. അത്ഭുതം തന്നെ.ഞങ്ങളുടെ നാട്ടിലാണെങ്കിൽ ഇപ്പോൾ തന്നെ ആ വരിയുടെ ഏറ്റവും ആദ്യമെത്തി എന്താണോ കാരണം അതൊന്നും ആലോചിക്കാൻ നിൽക്കാതെ നമുക്ക് നമ്മുടെ കാര്യമെന്ന മട്ടിൽ കടന്നു പോയിട്ടുണ്ടാകും. മനുഷ്യൻ സാമൂഹ്യ ജീവി ആണെന്ന വിചാരമൊന്നും എറണാകുളമെന്ന മഹാ നഗരത്തിലില്ല. അല്പം കഴിഞ്ഞ് നീങ്ങാൻ തുടങ്ങി. അതൊരു level cross സാവധാനം കടന്നു. ഓ അതാണല്ലേ കാരണം.ഈ level cross കടന്നാവണം ഞാൻ കണ്ണൂർക്കുള്ള ട്രെയിനിൽ യാത്ര ചെയ്തത്.ഞാനിപ്പോൾ തിരികെ കണ്ണൂർ തലശ്ശേരി ബസിൽ ആണല്ലോ?.
  ” ചൊവ്വ ചൊവ്വ, ചൊവ്വ” കിളി മൊഴിഞ്ഞു.

‘ചൊവ്വയോ !!! ഏതു ചൊവ്വ ?’ എനിക്ക് ചിരി പൊട്ടി. പക്ഷേ പുറത്ത് കാണിക്കാനൊക്കുമോ.? അത് അന്യനാട്ടിൽ വന്ന് അന്ന് ഞാൻ സ്വയം ബഫൂൺ ആകുന്നതിനു തുല്യമല്ലേ.? ഞാൻ പൊടുന്നനെ ഒരു Idea എടുത്തു. പുറത്തുകണ്ട ഹോട്ടലുകളുടെയും കടകളുടെയും ബോർഡുകളിലേക്ക്‌ നോക്കി. ശരിയാണ് തെറ്റിയിട്ടില്ല. ചൊവ്വ തന്നെ. വ്യക്തമായി പറഞ്ഞാൽ ‘താഴെചൊവ്വ. ‘താഴെ ചൊവ്വയോ. എങ്കിൽ പിന്നെ ഒരു മേലെ ചൊവ്വയും കാണുമല്ലോ. അതാ ചൊവ്വ കൃഷ്ണ ടാക്കീസ്.ഞാൻ മൂക്കത്ത് വിരൽ വെച്ച് അത്ഭുതം കൂറി വാ പൊളിച്ചു പോയി. ഈ കാലത്ത് ഇങ്ങനെയും ഓല മേഞ്ഞ ഒരു സിനിമ ടക്കീസോ?. എങ്കിലതൊന്നു കാണണമല്ലോ. ആർക്കെങ്കിലും കുസൃതി തോന്നി ഒരു സിഗരറ്റ് കുറ്റി എങ്ങാനും ഇടാൻ തോന്നിയാലുള്ള അവസ്ഥ ഓർത്ത് ഞാൻ ഉൾക്കിടുങ്ങി. നിമിഷങ്ങൾക്കുള്ളിൽ ഒരഗ്‌നി ഗോളം പിന്നെ ചാരം.
    മനസ്സിനെ അതിൽ നിന്ന് വ്യതിചലിപ്പിച്ച് തിരികെ എത്തുമ്പോൾ ബസ് ഒരു ഹിഡിമ്പൻ കയറ്റം കയറുകയായിരുന്നു. ജീവിതത്തിൽ ആദ്യമായാണ് അത്തരം ഒരു കയറ്റം ഞാൻ കാണുന്നത്. ഇതൊരു അനുഭവം തന്നെ ആണല്ലോ എന്നോർത്ത് ഞാൻ ഓരോ നിമിഷവും കാതോർത്തു. അപ്പോൾ അതാ കയറ്റത്തിനിടയിൽ  ഒരു കൊട്ടം വളവ്. ബസ് കയറാൻ മടികാണിച്ചു തുടങ്ങിയോ എന്നൊരു സംശയം. സ്വതവേ കാലി ആയ ഈ ബസ്സിന് കയറാൻ കഴിയുന്നില്ലെങ്കിൽ ഇതിൽ നിറയെ ആളുകൾ ഉണ്ടെങ്കിൽ ഉള്ള അവസ്ഥ വൃഥാ  ഓർത്തു പോയി. ബസിന്റെ വേഗത കുറഞ്ഞ് കുറഞ്ഞ് ഇതിപ്പോൾ നിന്നു പോകുമോ എന്നായി സംശയം .ഇടാനുള്ള ഗിയറുകൾ എല്ലാം ഇട്ടു കഴിഞ്ഞു, ഇനി ഡ്രൈവറുടെ കയ്യിൽ വല്ലതും കാണുമോ? എനിക്ക് ടെൻഷനായി: ഇടാൻ ഗിയർ ഒന്നും ഇല്ലാത്തത് കൊണ്ടാണോ എന്തോ നിന്നു നിന്നില്ല നിന്നു നിന്നില്ല എന്ന പരുവത്തിൽ ഉരുട്ടി ഉരുട്ടി ഒരു വിധം അയാൾ ബസ് കയറ്റം വലിച്ചു കൊണ്ടിരുന്നു. വലിക്കുന്നത് ബസ് ആണെങ്കിലും  തീ മുഴുവൻ എൻറെ ചങ്കിലായിരുന്നു . ചിന്തകൾ വെറുതെ കാടുകയറി. ഇപ്പോൾ എങ്ങാനും ഈ ബസ്സ് നിന്നു പോയാൽ,……
ബസ് പുറകോട്ട് ഇറങ്ങാൻ തുടങ്ങിയാൽ ആളുകൾ എല്ലാവരും കൂവുന്നു , സഹായ അഭ്യർത്ഥനയുമായി കരയുന്നു , നാട്ടുകാർ ഓടിക്കൂടി, റോഡിൻറെ വശത്തുള്ള ഗംഭീര കൊക്കയിലേക്ക് ബസ് മറിയുന്നു , ഞാനും അച്ഛനും അതിൽ പെടുന്നു.’വേണ്ട അധികം കാട് കയറണ്ട’ ഞാൻ ചിന്തകളെ അടക്കി കഴിഞ്ഞപ്പോഴേക്കും ദൂരെ പ്രകാശം കാണുന്ന പോലെ കയറ്റം കയറി ബസ് ഒരു സ്റ്റോപ്പിൽ നിന്നു. എന്റെ ശ്വാസം നേരെ വീണു. ഒന്നും സംഭവിച്ചില്ല . എൻറെ നോട്ടം എൻജിന്റെ മുകളിൽ വീണു. അതിൻറെ മുകളിൽ  T എന്നൊരക്ഷരം കണ്ടു. ആഹാ ചുമ്മാതാണോ ഈ കയറ്റം കയറാൻ ബസ് ഇത്ര ബുദ്ധിമുട്ടിയത്. ടാറ്റാ കമ്പനി ആയതുകൊണ്ടല്ലേ.  ആരെങ്കിലും ഇത്തരം കയറ്റത്ത് ടാറ്റാ ബസ് ഓടിക്കുമോ. അതിന് Layland അല്ലേ ഉപയോഗിക്കാവൂ. എനിക്ക് ഇതിനെക്കുറിച്ച് ഒന്നും അറിയാതെ എന്നെ ടാറ്റാ ബസ്സിൽ കയറ്റം കയറ്റിയ ബസ് ഡ്രൈവറോട് എന്തെന്നില്ലാത്ത ഈർഷ്യ തോന്നി. ചതിയൻ നയ വഞ്ചകൻ എന്നൊക്കെ ഉറക്കെ വിളിച്ചു പറയണമെന്നു തോന്നി. പിന്നെ തോന്നി പോട്ടെടാ കാശില്ലാത്തത് കൊണ്ടായിരിക്കും. Tata  ബസ് വാങ്ങി എന്നെ ഇരുത്തി ഈ കയറ്റം കയറ്റിയത്. അടുത്ത തവണ ആവട്ടെ Lay land bus നോക്കി കയറണം. കുറ്റം എന്റെതാണ്. ദേഷ്യം അടക്കി.
തോട്ടട J.T.S കഴിഞ്ഞു അടുത്തിരുന്ന ആളും കിളിയും ഞങ്ങളെ ഇറങ്ങാൻ പ്രോത്സാഹിപ്പിച്ചു. അടുത്തത്  Polytechnic കോളേജും ITI യും ചേരുന്ന stop ആണത്രേ.! രസച്ചരട് പൊട്ടി ഞാൻ കെട്ടും ഭാണ്ഡവും  മുറുക്കി കോളേജിൻറെ പടി കാണാൻ Ready ആയി ഇറങ്ങി.

തുടരും

Leave a Reply

Your email address will not be published. Required fields are marked *