കേവലം 25 minute യാത്ര. ഇറങ്ങിയ ഞാൻ ചുറ്റും നോക്കി. തികച്ചും വിജനമായ പ്രദേശം. റോഡ് സൈഡിലൊക്കെ മൂന്നോ നാലോ കെട്ടിടങ്ങൾ കുറച്ചു കടകൾ. ഒറ്റ വാർത്ത കെട്ടിടങ്ങൾ ഇല്ലല്ലോ. എല്ലാം ഓട് മേഞ്ഞ് നീയൊക്കെ ഇപ്പോഴും ഓടിട്ട കെട്ടിടത്തിൽ ആണോ കഴിയുന്നത്. എൻറെ ഉള്ളിൽ പുച്ഛരസം നിറഞ്ഞു. അതിൽ ചിലതൊക്കെ ഇരട്ട നില ആയാണ് പണിതിരിക്കുന്നത്. അവയുടെ നിർമാണശൈലി എന്നെ വല്ലാതാകർഷിച്ചു. പഴമകളോട് ഒരുതരം ആരാധന ആരംഭിക്കുക ആയിരുന്നു ആ നിമിഷം മുതൽ എൻറെ മനസ്സിൽ. പഴമകളെ കാത്തുസൂക്ഷിക്കുന്നവരോട് ഒരു ബഹുമാനവും തോന്നി തുടങ്ങി. അച്ഛൻ അടുത്ത് കണ്ട ഒരു ചായക്കടയിലേക്ക് നീങ്ങി. പിറകേ ഞാനും.ഹേയ് ചായ കുടിക്കാനല്ല, പിന്നെ എന്തിനാണാവോ ഈ സ്വകാര്യ സംസാരം. ഞാനത് കേൾക്കാൻ അടുത്തേക്ക് നീങ്ങി നിന്നു. അച്ഛൻ അയാളോട് ഒരു അഡ്രസ് ചോദിക്കുകയാണ്: അച്ഛൻ ജോലി ചെയ്യുന്ന കമ്പനിയിലെ ഒരു കൂട്ടുകാരന്റെ ബന്ധുവിന്റെ അഡ്രസ്സ് ചോദിച്ചു കൊണ്ടിരിക്കുന്നത്. ഓ മകനെ മൂന്നുകൊല്ലം ദൂരെ സ്ഥലത്ത് ആക്കിയിട്ടു പോകുമ്പോൾ ഒന്നു ശ്രദ്ധിച്ചോളാം വേണ്ടിയിട്ടാവും.
Guardian ship. കടക്കാരൻ പുറത്തേക്കിറങ്ങി വന്നിട്ട് കുറച്ചു ദൂരത്തേക്ക് കൈ ചൂണ്ടിക്കാണിച്ചു. അങ്ങോട്ടേക്ക് ഞങ്ങൾ നടന്നു ഇനിയും നടപ്പോ?
എനിക്ക് മടുത്തു തുടങ്ങി. എവിടെയെങ്കിലും ഈ സാധനങ്ങളൊക്കെ ഒന്ന് ഇറക്കി വെച്ചിട്ട് ഒന്ന് വിശ്രമിക്കണം. ഒന്നുറങ്ങണം. ഇന്നലെ രാത്രി ഒരു പോള കണ്ണടച്ചിട്ടില്ല.അങ്ങനെ ചിന്തിച്ച് ഏന്തിയും വലിഞ്ഞും ഞങ്ങൾ ഓടിട്ട ആ പഴയ വീടിൻറെ മുൻവശത്ത് എത്തി. ആരെയും കണ്ടില്ല. നേരം വെളുത്തല്ലേയുള്ളൂ, ആരും എണീറ്റില്ലായിരിക്കും .
” ഇവിടെ ആരുമില്ലേ “
ഒരു ചേച്ചി ഇറങ്ങി വന്നു കൂടെ ഒരു പെൺകുട്ടിയും….
എറണാകുളത്തുനിന്ന് വരുന്നതാണെന്നും ആ വീട്ടിലെ ചേട്ടൻ അച്ഛൻറെ കൂടെ ജോലി ചെയ്യുന്നു എന്നും മകനെ ആക്കിയിട്ട് പോകാൻ വന്നതാണെന്നുമൊക്കെ അവർ സംസാരിച്ചു. ആ വീട്ടുകാർ സന്തോഷത്തോടെ അതൊക്കെ കേട്ട് നിന്നു. അൽപം കഴിഞ്ഞ് ഒരു ചെറുപ്പക്കാരൻ ഇറങ്ങി വന്നു. ഞങ്ങൾ വന്ന വിവരം പറഞ്ഞു അദ്ദേഹവും ഞങ്ങളോടൊത്തുള്ള സംസാരത്തിൽ മുഴുകി. കോളേജിനെ പറ്റിയും താമസ സൗകര്യത്തെ പറ്റിയുമൊക്കെ പറഞ്ഞു. താമസിക്കാൻ ഹോസ്റ്റലും പുറത്ത് ലോഡ്ജും ഉണ്ടത്രേ. നല്ലപോലെ പഠിക്കാനുള്ളവർക്ക് പുറത്ത് ലോഡ്ജ് ആണ് നല്ലതെന്ന് ആ ചെറുപ്പക്കാരൻ പറഞ്ഞപ്പോൾ എങ്കിൽ അതു മതിയെന്ന് അച്ഛനും ഉറപ്പിച്ചു.നല്ല ലോഡ്ജ് ആയിട്ട് കോളേജിന്റെ അപ്പുറത്ത് റോഡ്സൈഡിൽ തന്നെ ഉള്ള ഒരു വയസ്സൻ നടത്തുന്നതാണെന്ന് പറഞ്ഞു. വാടകയും കുറവാണ്. വേനൽക്കാലമാവുമ്പോഴുള്ള വെള്ളത്തിൻറെ ലഭ്യത മാത്രമേ ഒരു സംശയമായി അയാൾ പറഞ്ഞുള്ളൂ. ലോഡ്ജ് എങ്കിൽ ലോഡ്ജ് വീട്ടുകാരോട് യാത്ര പറഞ്ഞ് ഞങ്ങൾ യാത്ര തുടർന്നു. വന്നവഴി തന്നെ ബസ്റ്റോപ്പ് പിന്നിട്ട് കുറച്ചു നടന്നു . കോളേജിൻറെ പടിയും പിന്നിട്ട് പിന്നെയും മുന്നോട്ട്.. ആകെ അപരിചിതത്വം… മഴ പെയ്തിട്ട് കാലങ്ങൾ ആയപോലെ പോലെ, ജൂൺ മാസമാണ് . എന്നിട്ടുമെന്തേ ഇങ്ങനെ.?
വഴിയിൽ കണ്ടവരോട് ഒരു വയസ്സ് നടത്തുന്ന ലോഡ്ജ് എവിടെയാണെന്ന് ചോദിച്ചു.
” കുഞ്ഞമ്പു ചേട്ടനാ..? അതാ കാണുന്ന “
50 വാര അകലെ ആയി കണ്ടു , ഇടിഞ്ഞു പൊളിഞ്ഞ് വീഴാറായ ഒരു ഓടിട്ട
രണ്ടുനില വീട്
” ഇതാണോ ലോഡ്ജ് ? ഇതിൽ മനുഷ്യർ താമസിക്കുന്നുണ്ടോ? “
എൻറെ അന്തകരണം മന്ത്രിച്ചു. ഏത് സമയവും ഇടിഞ്ഞു പൊളിഞ്ഞു വീഴാം. അച്ഛൻറെ മുഖത്ത് ഒരു ചിരി ആണ് കണ്ടത്.
വേറൊരു കടക്കാരൻ പറഞ്ഞു.
” പുറകിലേക്ക് ചെന്നാൽ മതി. അയാൾ അവിടെ തന്നെയാണ് താമസം “
എനിക്ക് ആകെ ഒരു പന്തികേട് തോന്നി മനംപിരട്ടുന്നതു പോലെയുള്ള ഒരു വല്ലായ്ക . പുത്തരിയിൽ കല്ല് കടിച്ചതു പോലെയുള്ള അനുഭവം. 3 കൊല്ലം പഠിക്കാനുള്ള താമസസ്ഥലം. കൊള്ളാം റൂം നമ്പർ 5, റൂം നമ്പർ 4,3,2,1 എല്ലാം ഓരോന്ന് കടന്ന് പോയ്ക്കൊണ്ടിരുന്നു. എല്ലാ റൂമുകളും താഴ് ഇട്ട് പൂട്ടിയിരിക്കുകയാണ് . ഇത് മൊത്തം കാലി ആണോ ?. ചവിട്ടു പടി കയറുമ്പോൾ തല ഇടിക്കുമോ എന്നാണ് സംശയം. കാലെടുത്തു വെക്കുന്നത് N.H 17 ന്റെ വക്കത്താണ്. എന്നുവെച്ചാൽ കിടന്നുറങ്ങുന്നത് റോഡിൽ തന്നെ ആണെന്ന് തോന്നും. വണ്ടികളുടെ ബഹളവും പൊടിപടലങ്ങളും . നടന്ന് ഞങ്ങൾ വീടിൻറെ പുറകിൽ എത്തി. അച്ഛൻ മുരടനക്കി . 70 വയസ്സുള്ള ഒരു സ്ത്രീ പകുതി പാളിയുള്ള വാതിൽ തുറന്ന് ഞങ്ങളെ നോക്കി.
പല്ലില്ലാത്ത മോണ കാണിച്ച് അവർ ചിരിച്ചുകൊണ്ട് ചോദിച്ചു എന്തേനു ? “
” താമസിക്കാൻ റൂം കിട്ടുമോന്നറിയാൻ ” അവർ ഒന്നും പറയാതെ അകത്തേക്ക് വലിഞ്ഞു. ഞാൻ ആ സമയം കെട്ടിടത്തിന്റെ മറുഭാഗത്തേക്കെല്ലാം പോയി നോക്കി . കിണറുണ്ട് അതിലേക്കൊന്ന് എത്തിനോക്കിയപ്പോൾ അടിവശം കാണുന്നില്ല എനിക്ക് തോന്നിയതാണോ എന്നറിയാൻ ഒന്നുകൂടി എത്തിനോക്കി. ശരിയാണല്ലോ അടിയിൽ 100 അടി താഴ്ചയിൽ കുറച്ച് വെള്ളം കാണുന്നു. . ‘ ഇന്റയ്യോ ‘ ഇതെന്താ പാതാള കിണർ ആണോ.. സാരമില്ല പൈപ്പ് കാണുമായിരിക്കും എന്നാശ്വസിച്ചു.പിന്നെ ഉള്ളത് കുളിമുറിയും കക്കൂസും. 2 കുളിമുറി രണ്ട് കക്കൂസ് . അങ്ങനെ നാലെണ്ണം. ഇങ്ങനെ പരിസര വീക്ഷണം നടത്തിക്കൊണ്ട് ഞാൻ അച്ഛൻറെ അടുത്തേക്ക് ചെന്നപ്പോൾ അച്ഛൻറെ കൂടെ ഒരു തീരെ പ്രായം ചെന്ന ഒരാൾ . ഒരു 85 വയസ്സ് കഴിഞ്ഞ പടുവൃദ്ധൻ . അത്യധികം ഗൗരവം നിറഞ്ഞ മുഖഭാവം. നരച്ച മുടി പറ്റെ വെട്ടിയിരിക്കുന്നു. പൊക്കം കുറഞ്ഞ അല്പം തടിച്ച് വയർ ചാടിയ ശരീരം : ഞാൻ ചെന്നപ്പോൾ അയാൾ ഒന്നാം നമ്പർ മുറി തുറക്കുകയായിരുന്നു.
‘ ഓ ഇതാണോ നമ്മുടെ കൊട്ടാരം ‘
റൂം തുറന്നു തന്ന് അയാൾ അല്പം ഒതുങ്ങി നിന്നപ്പോൾ ഞാനും അച്ഛനും തല ഉള്ളിലേക്കിട്ട് പരസ്പരം നോക്കി. ഒരാൾക്ക് കഷ്ടി കിടക്കാനും പെരുമാറാനും കഴിയുന്ന വലിപ്പമുള്ള മുറി ആയിരുന്നു അത്.
‘ ഇതിൽ രണ്ട് പേർ കൂടി വരും’ അശരീരി പോലെ കേട്ട ആ ചേട്ടൻറെ ശബ്ദം ഇടിത്തീ ആയാണ് എൻറെ ചെവിട്ടിൽ വീണത് .
‘ ഇനി…… ഈ മുറിയിൽ….. രണ്ടുപേർ കൂടിയോ? ” എൻറെ ഈശ്വരാ അതെങ്ങനെ പറ്റും.
ആ ചിലപ്പോൾ പറ്റുമായിരിക്കും ഒന്നിന് മേലെ ഒന്നായി എല്ലാവരും കിടന്നാൽ മതിയല്ലോ.?. നിസ്സഹായതയോടെ വന്നു വീണുപോയ ചതി ഓർത്തു ഞാൻ തലകുലുക്കി, മതി ഇതു മതി സന്തോഷമായി. കൊണ്ടുവന്ന ചാക്ക് ഞാൻ അകത്തേക്ക് കയറ്റി വെച്ചു . ഉടുപ്പുകൾ കൊണ്ടുവന്ന ബാഗും….
അച്ഛനും, കുഞ്ഞമ്പു ചേട്ടനും ( അതായിരുന്നു ലോഡ്ജ് മുതലാളിയുടെ പേര് ) ഇതിനോടകം അവിടെ നിന്ന് മാറി മുതലാളിയുടെ വീട്ടിലേക്ക് പോയി. അവിടെ അവർ വാടകയുടെ കാര്യങ്ങളും , എൻറെ തനിച്ചുള്ള താമസത്തെയുമൊക്കെ പറ്റി സംസാരിക്കുകയായിരുന്നു . നിർവ്വികാരതയോടെ അയാൾ എല്ലാം കേട്ടുകൊണ്ടിരിക്കുന്നു . ചിരി എന്ന വികാരം അയാളുടെ മുഖത്ത് ഒട്ടും തന്നെ വരുന്നില്ലെന്ന കാര്യം ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. ഇനി മൂന്ന് വർഷം മകൻ ഇവിടെ ആയിരിക്കുമെന്നും , വീട് വിട്ട് ആദ്യമായാണ് ഞാൻ മാറി നിൽക്കുന്നതെന്നൊക്കെ പറഞ്ഞു . അയാൾ എന്നെ ഒന്നു നോക്കി എന്നല്ലാതെ ഒന്നും പറഞ്ഞില്ല. കൊക്കെത്ര കുളം കണ്ടിരിക്കുന്നു എന്നപോലെ… കാരണം ഇതുപോലെ ആദ്യമായി വീട് വിട്ട് നിൽക്കുന്ന നിർവ്യാജരെ പോലെ നിൽക്കുന്ന പലരുമാണ് പുലികളെ പോലെ ആയി മാറി അയാൾക്കിട്ട് തന്നെ നല്ല മേട് പണിഞ്ഞിട്ട് പോയിട്ടുള്ളതെന്ന അയാളുടെ മുൻകാല അനുഭവം ആയിരിക്കാം അയാളെ വെറുമൊരു നോട്ടത്തിൽ അവസാനിപ്പിക്കാൻ പ്രേരിപ്പിച്ചത്.ഇതുപോലെ നിഷ്കളങ്കരായി വന്ന പലരുമാണ് വളർച്ചയുടെ പടവുകൾ കയറിയിറങ്ങി പുലികളായി മാറി ഈ ലോഡ്ജിന്റെ പടിയിറങ്ങി പോയിട്ടുള്ളത്…
വാടകചീട്ട് എഴുതി, ഒരു ബുക്കിൽ റൂം നമ്പർ സഹിതം: കരാറുകൾ കാര്യമായി ഒന്നുമില്ല എല്ലാം ഞാൻ തന്നെ എഴുതികൊടുത്ത് ബോധ്യപ്പെട്ടു. മൂന്നു മാസത്തെ വാടക മുൻകൂർ നൽകണം . ഒരു മാസത്തേക്ക് 25 രൂപ : അങ്ങനെ 75 രൂപ നൽകി ബോധിച്ചു കഴിഞ്ഞപ്പോഴേക്കും സമയം 8:45 ആയി . ഇനി കോളേജിലേക്ക് പോകാമെന്ന് അച്ഛൻ പറഞ്ഞു. അന്നൊരു തിങ്കളാഴ്ച ആയിരുന്നു. ലോഡ്ജിൽ ഓരോരുത്തർ രാവിലെ വീടുകളിൽ നിന്ന് എത്തിത്തുടങ്ങി. ചിലർ മുറികൾ തുറന്ന് എന്തൊക്കെയോ ചെയ്ത് അവരുടെ കോളേജിലേക്ക് പോയിക്കൊണ്ടിരുന്നു.പോളിയിലും, ITI യിലും പഠിക്കുന്നവർ അവിടെ താമസിക്കുന്നുണ്ട്. കാരണം പോളിയും ITI യും തൊട്ടടുത്താണ് . കാലെടുത്തുവെക്കുന്നത് പോലും ITI യിലേക്കാണ് . അതിൻറെ മുൻപിലൂടെ തന്നെ പോളിയിലേക്കും കടക്കും . രണ്ടും വിശാലമായി തുറന്നു കിടക്കുന്ന രണ്ട് Compound കളിൽ ആയിട്ടാണ്. കുഞ്ഞമ്പു ചേട്ടനോട് പോയിട്ട് വരാമെന്ന് പറഞ്ഞു ഇറങ്ങി .
തുടരും