Vembuva Bridge: The Unresolved Death Trap in Kannur
വെമ്പുവ പാലം: കണ്ണൂരിലെ മലയോര ഹൈവേയിൽ അവസാനിക്കാത്ത മരണക്കെണിയും അധികാരികളുടെ അനാസ്ഥയും
കണ്ണൂർ ജില്ലയിലെ മലയോര മേഖലകളിൽ യാത്ര ചെയ്യുന്നവർക്ക് ഏറെ പരിചിതമായ ഒന്നാണ് മനോഹരമായ കാഴ്ചകളും വളഞ്ഞുപുളഞ്ഞു കിടക്കുന്ന റോഡുകളും. എന്നാൽ ഈ മനോഹാരിതയ്ക്ക് പിന്നിൽ ഒളിച്ചിരിക്കുന്ന ചില ചതിക്കുഴികളുണ്ട്. അതിൽ ഏറ്റവും അപകടകരമായ ഒന്നാണ് വെമ്പുവ പാലം. മലയോര ഹൈവേയിൽ പയ്യാവൂരിനും പൂപ്പറമ്പിനും ഇടയിൽ മൂരിക്കടവ് പുഴയ്ക്കു കുറുകേ സ്ഥിതി ചെയ്യുന്ന ഈ പാലം ( Vembuva Bridge Accident ) ഇന്ന് ഒരു സാധാരണ യാത്രാമാർഗ്ഗമല്ല, മറിച്ച് നിരവധി കുടുംബങ്ങളുടെ കണ്ണീർ വീണ ഒരു വലിയ മരണക്കെണിയാണ്. ചന്ദനക്കാം പാറയിൽ നിന്നും പയ്യാവൂർ എത്തുന്നതിനു കൃത്യം ഒരു കിലോമീറ്റർ മുൻപായിട്ടാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. പാലം ഉദ്ഘാടനം കഴിഞ്ഞ് 15 വർഷത്തിലേറെയായിട്ടും സുരക്ഷാ മുൻകരുതലുകളുടെ അഭാവം മൂലം ഈ പാലത്തിലും അതിനോട് ചേർന്നുള്ള കൊടും വളവിലും നിരവധി അപകടങ്ങളാണ് നിത്യേനയെന്നോണം ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
ഒരു പാലമോ റോഡോ നിർമ്മിക്കുമ്പോൾ പാലിക്കേണ്ട അടിസ്ഥാനപരമായ ശാസ്ത്രീയ മാനദണ്ഡങ്ങൾ ഒന്നും തന്നെ ഇവിടെ പാലിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. പാലത്തിൽ നിന്നും കരയിലേക്ക് പ്രവേശിക്കുന്ന ഭാഗം വളരെ അപകടം നിറഞ്ഞ രീതിയിൽ അശാസ്ത്രീയം ആയിട്ടാണ് നിർമിച്ചു വച്ചിരിക്കുന്നത്. ദീർഘദൂര യാത്രക്കാരെയും ഈ റൂട്ടിൽ ആദ്യമായി വരുന്നവരെയുമാണ് ഈ അശാസ്ത്രീയ നിർമ്മിതി ഏറ്റവും കൂടുതൽ ചതിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് കേരള പൊതുമരാമത്ത് വകുപ്പിന്റെ ഔദ്യോഗിക വിവരങ്ങൾ പരിശോധിക്കാവുന്നതാണ് (Kerala PWD).
English Summary About Vembuva Bridge Accident
The Vembuva Bridge, located across the Moorykadavu River between Payyavur and Poopparamba on the Kannur Malayoora Highway, has turned into a permanent death trap. Constructed unscientifically without adhering to proper curve design standards, vehicles entering the bridge at high speeds are caught off guard by a sudden, sharp curve and steep incline immediately after crossing. Despite over 15 years since its inauguration and numerous fatal accidents, including the tragic demise of a military soldier, authorities have failed to install adequate warning signs. With the upcoming Karkidaka Vavu festival drawing hundreds to the nearby Vasavapuram Temple, immediate PWD intervention is crucial.

HashTags: #VembuvaBridge #Kannur #MalayooraHighway #Payyavur #KeralaRoads #PWDKerala #RoadSafety #AccidentZone #SaveLives #KeralaNews #Moorykadavu #KarkidakaVavu #VasavapuramTemple #KannurNews #HighRiskCurve #TrafficSafety #UnscientificRoads #KeralaTraffic #Alert #MalayaliJournal #Vembuva Bridge Accident
വേഗതയുടെ ചതിക്കുഴിയും പ്രകൃതിഭംഗിയുടെ വഞ്ചനയും
ഈ റോഡിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത കാരണം, പാലത്തിലേക്ക് കടക്കുന്നതിനു രണ്ട് കിലോമീറ്റർ മുൻപ് തന്നെ ഡ്രൈവർമാർക്ക് ദൂരത്തെക്കുള്ള നല്ല നോട്ടം കിട്ടുന്നുണ്ട്. റോഡ് നേരെ കിടക്കുന്നതിനാൽ സ്വാഭാവികമായും വാഹനങ്ങൾ 70 കിലോമീറ്റർ വരെ വേഗം ആർജിച്ചിട്ടുണ്ടാവും. പുതുതലമുറ വണ്ടികളും മികച്ച റോഡുകളും കൂടിയാകുമ്പോൾ വേഗത അറിയുകയേ ഇല്ല. പാലം കഴിഞ്ഞാലും ഇതേ സ്പീഡിൽ തന്നെ മുന്നോട്ട് തുടരാം എന്നാണ് സാധാരണയായി ഡ്രൈവർമാർ കരുതുന്നത്. എന്നാൽ അങ്ങനെ കരുതുന്നവരുടെ കാര്യം അതോടെ തീർന്നു എന്ന് തന്നെ പറയാം. പാലത്തിൽ കയറുമ്പോൾ കിട്ടുന്ന ആ വേഗതയും, മൂരിക്കടവ് പുഴയുടെയും ചുറ്റുമുള്ള പ്രകൃതിയുടെയും മനോഹാരിതയും കൂടി ചേർന്നു ഒരു നിമിഷം ഡ്രൈവറുടെ ശ്രദ്ധ തിരിക്കാൻ കാരണമാകുന്നു. ആ ഒരു നിമിഷത്തെ ശ്രദ്ധക്കുറവിൽ വരാൻ പോകുന്ന കൊടും വളവും കയറ്റവും അവർ അറിയാതെ പോകുന്നു.
പാലം കഴിയുന്നതും 70 കിലോമീറ്റർ സ്പീഡിൽ പൊയ്ക്കൊണ്ടിരിക്കുന്ന വാഹനത്തെ പെട്ടെന്നുള്ള ഹാർഡ് ബ്രേക്കിംഗ് വഴി 40 കിലോമീറ്ററിലേക്ക് എത്തിച്ചാൽ മാത്രമേ ആ വളവ് അപകടം കൂടാതെ രക്ഷപെടുത്തി എടുക്കാൻ കഴിയുകയുള്ളു. എന്നാൽ പെട്ടെന്ന് ബ്രേക്ക് ഇടുമ്പോൾ വാഹനം നിയന്ത്രണം വിടാനുള്ള സാധ്യതയും വളരെ കൂടുതലാണ്. പയ്യാവൂർ പ്രദേശത്തുള്ള സ്ഥിരം യാത്രക്കാർ പോലും നിരന്തരം അപകടത്തിൽ പെടുന്ന ഈ വളവിൽ, മറ്റു ഭാഗങ്ങളിൽ നിന്ന് ആദ്യമായി വരുന്ന വണ്ടിക്കാരുടെ കാര്യം പറയേണ്ടതില്ലല്ലോ. അര മണിക്കൂർ നേരം ഈ പാലത്തിന്റെ അരികിൽ മാറി നിന്നു കണ്ടാൽ നമുക്ക് കാര്യങ്ങൾ മനസിലാവും; ചെറു വാഹനങ്ങളും ബൈക്കുകളും വലിയ ബുദ്ധിമുട്ടോടെയാണ് വളവിനോട് ചേർന്നുള്ള ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കാതെ വണ്ടി വെട്ടിച്ചു കൊണ്ടു പോകുന്നത്.
ചട്ടങ്ങൾ ലംഘിച്ചുള്ള നിർമ്മാണം
ഒരു കൊടും വളവിൽ ഒരു റോഡ് നിര്മിക്കേണ്ടുന്ന സാങ്കേതിക ചട്ടങ്ങൾ ഒന്നും തന്നെ ഈ വെമ്പുവ പാലത്തിന്റെ കാര്യത്തിൽ അധികാരികൾ പാലിച്ചിട്ടില്ല. റോഡിന്റെ ബാങ്കിംഗ് (Banking of roads) അല്ലെങ്കിൽ സൂപ്പർ എലവേഷൻ കൃത്യമല്ലാത്തതു കൊണ്ട് വാഹനങ്ങൾ റോഡിൽ നിന്നും പാളുന്നത് അവിടത്തെ ഒരു സ്ഥിരം കാഴ്ച ആണ്. മഴക്കാലം കൂടിയായാൽ റോഡിലെ വഴുക്കൽ കാരണം അപകടങ്ങളുടെ എണ്ണം ഇരട്ടിയാകും. ഇന്ത്യൻ റോഡ് കോൺഗ്രസിന്റെ മാനദണ്ഡങ്ങൾ ഇവിടെ പൂർണ്ണമായും ലംഘിക്കപ്പെട്ടിരിക്കുന്നു. ഇത്തരം സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് അറിയാൻ Indian Roads Congress സന്ദർശിക്കാവുന്നതാണ്.
അധികാരികൾക്ക് നാട്ടുകാരും വിവിധ സംഘടനകളും നിവേദനങ്ങൾ കൊടുത്തു മടുത്തു കഴിഞ്ഞു. കഴിഞ്ഞ 6 മാസത്തിനുള്ളിൽ തന്നെ ഒരു വിലപ്പെട്ട മനുഷ്യജീവൻ ഈ വളവ് എടുത്തു കഴിഞ്ഞു. അത് കൂടാതെ മറ്റ വൻകിട അപകടങ്ങളിൽ പെട്ട് ആറോളം പേരുടെ ജീവിതമാണ് ഇവിടെ തകർന്നുപോയത്. പലർക്കും ഗുരുതരമായ പരിക്കേൽക്കുകയും ജീവച്ഛവമായി മാറുകയും ചെയ്തു. ഇത്രയൊക്കെ വലിയ ദുരന്തങ്ങൾ കൺമുന്നിൽ നടന്നിട്ടും, ഒരു ജീവൻ രക്ഷാ അടയാളങ്ങളോ കൃത്യമായ സൂചിക കളോ ഒന്നും തന്നെ ഇത് വരെ സ്ഥാപിക്കാൻ ബന്ധപ്പെട്ട അധികാരികൾ ആരും തന്നെ തുനിഞ്ഞിട്ടില്ല എന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്.
നാട്ടുകാരുടെ ആവശ്യങ്ങളും നിലവിലെ സംവിധാനങ്ങളും
പാലം ഉദ്ഘാടനം ചെയ്ത നാൾ മുതൽക്കേ നാട്ടുകാർ ഉന്നയിക്കുന്ന പ്രധാന ആവശ്യമാണ് ഇവിടെ കൃത്യമായ അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്നത്. നിലവിൽ പൊതുമരാമത്ത് വകുപ്പ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത് കേവലം 2 മഞ്ഞ സിഗ്നലുകളാണ്. ഇതാണെങ്കിൽ വാഹനം ഓടിക്കുന്നവർക്ക് പെട്ടെന്ന് കാണാൻ കഴിയാത്ത വിധം തെറ്റായ രീതിയിലാണ് സ്ഥാപിച്ചിരിക്കുന്നത്. രാത്രികാലങ്ങളിൽ ഇത് പൂർണ്ണമായും അദൃശ്യമാണ്. വളവിൽനിന്ന് പെട്ടെന്ന് ഇറങ്ങിവരുന്ന വലിയ വാഹനങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വലിയൊരു ദുരന്തം ഏതു നിമിഷവും ഉണ്ടായേക്കാം. ഈ സാഹചര്യത്തിൽ കൂടുതൽ ഫലപ്രദമായ ബ്ലിങ്കർ ലൈറ്റുകളും, റിഫ്ലക്ടീവ് ബോർഡുകളും, റംബിൾ സ്ട്രിപ്പുകളും സ്ഥാപിക്കാൻ പിഡബ്ല്യുഡി അടിയന്തരമായി തയാറാകണം.
കൂടാതെ, ഈ അപകട വളവിലെ തെരുവുവിളക്കുകൾ ഭൂരിഭാഗം സമയത്തും കത്താറില്ല എന്നതും രാത്രി യാത്രക്കാരുടെ ഭീതി വർദ്ധിപ്പിക്കുന്നു. മുൻപ് ഇവിടെ നടന്ന ഭീകരമായ ഒരു അപകടത്തിൽ ഒരു രാജ്യരക്ഷാ സൈനികന്റെ ജീവൻ നഷ്ടപ്പെട്ടിരുന്നു. രാജ്യത്തെ കാക്കേണ്ട ഒരു സൈനികന്റെ ജീവൻ നമ്മുടെ നാട്ടിലെ അശാസ്ത്രീയമായ റോഡ് നിർമ്മാണം കാരണം റോഡിൽ പൊലിഞ്ഞു എന്നത് നാം ലജ്ജയോടെ ഓർക്കേണ്ട കാര്യമാണ്.
കർക്കിടകവാവും വാസവപുരം ക്ഷേത്രവും: വരാനിരിക്കുന്ന വലിയ ആശങ്ക
കേരളത്തിലെ പ്രശസ്തമായ ബലിതർപ്പണ കേന്ദ്രങ്ങളിൽ ഒന്നാണ് മൂരിക്കടവ് പുഴയുടെ തീരം. കർക്കിടകവാവ് ദിവസം ബലി തർപ്പണത്തിന് അത്യധികം പ്രശസ്തമാണ് ഈ സ്ഥലം. നൂറുകണക്കിന് ആളുകളാണ് കർക്കടകവാവ് ദിവസം ഇവിടെയുള്ള പ്രശസ്തമായ വാസവപുരം ക്ഷേത്രത്തിലെത്തി ബലിതർപ്പണം നടത്താറുള്ളത്. സ്ത്രീകളും കുട്ടികളും പ്രായമായവരും അടങ്ങുന്ന വൻ ജനത്തിരക്കാണ് ആ സമയത്ത് ഈ പാലത്തിലും പരിസരത്തും ഉണ്ടാകുന്നത്.
ഇനി കർക്കടകവാവിന് ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഈ ഉത്സവ സീസണിൽ മലയോര ഹൈവേയിലൂടെ വാഹനങ്ങളുടെ ഒഴുക്ക് സാധാരണ ദിവസങ്ങളേക്കാൾ ഇരട്ടിയായിരിക്കും. ഈ സാഹചര്യത്തിൽ, അതിന് മുൻപെങ്കിലും പിഡബ്ല്യുഡിയുടെയും പോലീസിന്റെയും ഭാഗത്തുനിന്ന് അടിയന്തിര ഇടപെടൽ ഉണ്ടായേ തീരൂ. താൽക്കാലികമായ ബാരിക്കേഡുകളോ മുന്നറിയിപ്പ് ബോർഡുകളോ എങ്കിലും യുദ്ധകാലാടിസ്ഥാനത്തിൽ ഇവിടെ സ്ഥാപിക്കേണ്ടതുണ്ട്.
വായനക്കാരോട് ഒരു അഭ്യർത്ഥന
നമ്മുടെ ഭരണാധികാരികളുടെയും ഉദ്യോഗസ്ഥരുടെയും കണ്ണുതുറക്കാൻ ഇനിയൊരു ചോരച്ചാലോ മരണവാർത്തയോ ഇവിടെ ഉണ്ടാകാൻ പാടില്ല. മനുഷ്യജീവനുകൾക്ക് വില കൽപ്പിക്കാത്ത ഇത്തരം അനാസ്ഥകൾക്കെതിരെ ജനകീയ പ്രതിരോധം ഉയർന്നുവരേണ്ടതുണ്ട്.
അതു കൊണ്ട് ഇനിയൊരു അപകടം നടക്കുന്നതിനു മുൻപ് അധികാരികളുടെയും വേണ്ടപ്പെട്ടവരുടെയും ശ്രദ്ധയിൽ ഈ വിഷയം എത്തിക്കാൻ നമുക്ക് ഒന്നിച്ച് ശ്രമിക്കാം. വെമ്പുവ പാലത്തെ ഈ മരണക്കെണിയിൽ നിന്നും രക്ഷിക്കാൻ, അടിയന്തര നടപടികൾ സ്വീകരിക്കുന്നതു വരെ ഈ പോസ്റ്റ് നിങ്ങളുടെ സുഹൃത്തുക്കളിലേക്കും ഗ്രൂപ്പുകളിലേക്കും പരമാവധി share ചെയ്തു സഹായിക്കുക. നിങ്ങളുടെ ഒരു ഷെയർ ഒരുപക്ഷേ രക്ഷിക്കുന്നത് ഒരു വിലപ്പെട്ട മനുഷ്യജീവൻ ആയിരിക്കാം. നമ്മുടെ വെബ്സൈറ്റ് ആയ Malayali Journal വഴി ഈ ജനകീയ പോരാട്ടം ഞങ്ങൾ അധികാരികളുടെ മുന്നിൽ എത്തിക്കുക തന്നെ ചെയ്യും.