ചീട്ടുകളി ചെസ് കളി എന്നിവയൊക്കെ സമയം കൊല്ലുന്നതിന് കണ്ടെത്തിയ മാർഗങ്ങൾ ആണ്. സമരം ഉള്ള ദിവസം ടൈപ്പ് റൈറ്റിംഗ് പഠിക്കാൻ പോകും. പുരുഷേട്ടൻറെ മകൻ ഷിജുവുമായിട്ടാണ് കൂട്ട്. തോട്ടടയും പരിസരവും നല്ലപോലെ പരിചയമായ ഒരുകാലത്ത് ഞങ്ങൾ 5 പേര് കടലു കാണാൻ വേണ്ടി നടന്ന് പോകുകയാണ്. താമസ സ്ഥലത്തു നിന്ന് 2 കീ . മീ നടക്കണം. കയ്യിൽ ഫിലിം ഇട്ടു ഫോട്ടോ എടുക്കാവുന്ന ഒരു പൊട്ട ക്യാമറ ആണുള്ളത്. കളർ ഫിലിം മേടിക്കാൻ പണം ഇല്ലാതിരുന്നത് കൊണ്ട് ബ്ലാക്ക് ആൻഡ് വൈറ്റ് ഫിലിം ലോഡ് ചെയ്ത് ഏതാനും ഫോട്ടോകൾ എടുത്തു. രാധാകൃഷ്ണനും, രാജീവനും സന്തോഷും, എബിയും, ഞാനുമായിരുന്നു ആ കൂട്ടത്തിൽ.
വീട്ടിൽ നിന്ന് അമ്മ ആഴ്ചയ്ക്ക് കത്തുകൾ എഴുതിയിരുന്നു. മറുപടി ഞാനും എഴുതി. അതുകൊണ്ട് വീട്ടിലെ വിശേഷങ്ങൾ മുറയ്ക്ക് അറിഞ്ഞുകൊണ്ടിരുന്നു. മാസാദ്യം കയ്യിൽ കിട്ടിയിരുന്ന 300 രൂപ ഒന്നിനും തികയുമായിരുന്നില്ല. എങ്കിലും വീട്ടിലെ അവസ്ഥ അറിയാവുന്ന ഞങ്ങൾ ഉള്ളതു കൊണ്ട് പട്ടിണി കിടന്നും മിച്ചം പിടിച്ച് ജീവിക്കാൻ ശീലിച്ചു. ഓണമായി 10 ദിവസത്തെ അവധിക്ക് വീട്ടിൽ പോയി വരാൻ തീരുമാനിച്ചു. റെയിൽവേ കൺസഷൻ കിട്ടും. അതുകൊണ്ട് പതിനേഴ് രൂപ കൊടുത്താൽ മതി. അന്ന് രാത്രി എറണാകുളം കാർ ആയ ഞങ്ങൾ കൺസഷൻ കിട്ടുമെന്നോർത്ത് ട്രെയിന് എറണാകുളത്തേക്ക് യാത്രയാവാൻ തീരുമാനിച്ചു. സ്റ്റേഷനിൽ ചെന്നപ്പോൾ കൺസഷൻ തരുവാൻ അയാൾ വിസമ്മതിച്ചു. പഠിക്കുന്ന സ്ഥാപനത്തിന്റെ സീൽ പതിപ്പിച്ചിട്ടില്ലായിരുന്നു എന്നതായിരുന്നു കാരണം. ജോസ് പോൾ കയ്യിൽ കുറച്ച് അധികം പണം കരുതിയിരുന്നത് കൊണ്ട് മാത്രമാണ് ഞങ്ങൾക്ക് അന്ന് ടിക്കറ്റ് എടുക്കാൻ സാധിച്ചത്.
ഓണത്തിന് നാട്ടിൽ വച്ച് കണ്ണൂർ പഠിക്കുന്ന എല്ലാവരുടെയും വീടുകളിൽ പോയി ബന്ധം ഒന്നു കൂടെ സുദൃഢമാക്കി. തിരികെ കണ്ണൂർക്കുള്ള യാത്രയ്ക്കും കൺസഷൻ ഉണ്ടായിരുന്നില്ല. എങ്കിലും മുഴുവൻ പൈസയും അടയ്ക്കാനും ബാക്കിയുള്ള തുക ഞാൻ പോക്കറ്റിലും തിരുകി: ഇനി ക്രിസ്തുമസ് വരെ ജീവിക്കാനുള്ള തുക വീട്ടിൽ നിന്ന് തന്നു വിട്ടിരുന്നു. ട്രെയിനിലെ തിരക്ക് കാരണം പോക്കറ്റ് ശ്രദ്ധിച്ചില്ല. ആ പണം ആരോ കവർന്നിരുന്നു.
എൻറെ കണ്ണിൽ നിന്ന് അടർന്നു വീണ രണ്ടു തുള്ളി കണ്ണീർ ആരും കണ്ടില്ല. എനിക്ക് നേരിടേണ്ടി വന്ന നഷ്ടം അടുത്ത 3മാസം അനുഭവിക്കേണ്ടി വന്നു. പഴി കേൾക്കേണ്ടി വരുമെന്നതിനാൽ അതിനാലുണ്ടായ ഭീമമായ കഷ്ടനഷ്ടങ്ങൾ ഞാൻ തന്നെ അനുഭവിച്ചു തീർത്തു. ഓണം കഴിഞ്ഞ് തിരികെ പോകുമ്പോഴും 25 കിലോ അരി കൊണ്ടുപോയിരുന്നു. അത് വച്ച് മൂന്ന് മാസം കഴിച്ചുകൂട്ടി. ഞാൻ കടന്നുപോയ ആഴങ്ങ
ആരുമറിഞ്ഞില്ല. സമരവും ബഹളവുമായി ആയി ക്ലാസ് മുന്നോട്ട് പോയി. കണ്ണൂര് എന്ന രാജ്യത്തെ സുഹൃത്ത് ബന്ധങ്ങളും രസങ്ങളും സുഖങ്ങളും ഉപേക്ഷിക്കാൻ വയ്യാതിരുന്നത് കൊണ്ട് കോതമംഗലത്ത് പോയി പഠിക്കാനുള്ള തീരുമാനം രഹസ്യമായി ഞാൻ ഉപേക്ഷിച്ചു. ഇനിയുള്ള കാലം കണ്ണൂര് തന്നെ തുടരാനും തീരുമാനിച്ചു. കാരണം കണ്ണൂരിലെ ജീവിതം എനിക്ക് തന്ന എന്ന മഹാ സൗഭാഗ്യങ്ങൾ അത്ര വലുതായിരുന്നു. ഏത് കൊടും പട്ടിണിയെയും ദുരിതക്കടലിനെയും നീന്തി കയറുവാൻ ആ സൗഭാഗ്യങ്ങൾ എന്നെ സഹായിച്ചു. ഞാൻ നല്ലപോലെ പഠിച്ചു. ഇഷ്ടപ്പെട്ട വിഷയം, English ല് ഉള്ള പ്രാവീണ്യം ഇതു രണ്ടും Course നല്ലപോലെ പൂർത്തിയാക്കുവാൻ എന്നെ സഹായിക്കുകയായിരുന്നു. കൂടെയുള്ളവർ ഒരുക്കി തന്ന സ്നേഹ മസൃണമായ ജീവിതം കുടുംബത്തിലെ അസ്വാരസ്യങ്ങൾ മറക്കാനും, കഷ്ടപ്പാടുകളോട് പൊരുതാനുമുള്ള കരുത്തേകി.
തുടരും